X

ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നും നീക്കിയതായി വത്തിക്കാന്‍

ഫ്രാങ്കോയെ മാറ്റിയതോടെ മുംബൈ അതിരുപത മുന്‍ സഹായ മെത്രാന്‍ ആന്‍ജെലോ റൂഫിനോ ഗ്രേഷ്യസിന് ജലന്ധര്‍ രൂപതയുടെ പകരം ചുമതല നല്‍കി

ബലാല്‍സംഗക്കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നും താല്‍ക്കാലികമായി നീക്കി. വത്തിക്കാന്റെതാണ് നടപടി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിസനിധിക്കും മുതിര്‍ന്ന ബിഷപ്പുമാര്‍ക്കും പരാതി നല്‍കിയതിനു പിറകെ  ഔദ്യോഗിക ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ്  താത്കാലികമായി നീക്കി കൊണ്ടുള്ള തീരുമാനം.

ഫ്രാങ്കോയെ മാറ്റിയതോടെ മുംബൈ അതിരുപത മുന്‍ സഹായ മെത്രാന്‍ ആന്‍ജെലോ റൂഫിനോ ഗ്രേഷ്യസിന് ജലന്ധര്‍ രൂപതയുടെ പകരം ചുമതല നല്‍കിയതായും സഭ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പ് വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ചുമതലമാറ്റമെന്നും അറിയിപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, ബലാല്‍സംഗക്കേസില്‍ രണ്ടാം ദിനവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. രാവിലെ 11 ന് ആരംഭിച്ച ചോദ്യംചെയ്യലാണ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുന്നത്. പരാതിയില്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

This post was last modified on September 20, 2018 10:10 pm