X

നാദാപുരം വളയത്ത് മുസ്ലീം ലീഗ് കേന്ദ്രത്തില്‍ സ്ഫോടനം; രണ്ട് പെൺകുട്ടികൾക്ക് പരിക്ക്

കുയ്തേരി ഒ പി മുജീബിന്റെ മക്കളായ ഫാത്തിമ 10 ,നാദിയ (8) എന്നിവർക്കാണ്‌ പരിക്കേറ്റത്.

നാദാപുരം വളയം മേഖലയിലെ കുയ്‌തേരിയിൽ മുസ്ലിം ലീഗ് കേന്ദ്രത്തിലുണ്ടായ സ്റ്റീൽ ബോംബ് സഫോടനത്തിൽ രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്‌. ബുധനാഴ്ച്ച രാവിലെ എട്ടരയോടെ കുട്ടികൾക്കാണ് മദ്രസയിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കുയ്തേരി ഒ പി മുജീബിന്റെ മക്കളായ ഫാത്തിമ 10 ,നാദിയ (8) എന്നിവർക്കാണ്‌ പരിക്കേറ്റത്. ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാത്തിമയുടെ കാലിനും നാദിയയുടെ നെഞ്ചിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. കുയിതേരിയിലെ പുതുക്കുടി താഴെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന വസ്തു ബോംബാണെന്നറിയാതെ കാലുകൊണ്ട് തട്ടുകയായിരുന്നുവെന്ന് കുട്ടികള്‍ പോലിസിനോട് പറഞ്ഞു.

പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ച ഉഗ്രസ്ഫോടനമാണ് നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. റോഡരികിലെ മതിലിലും സ്ഫോടനത്തിൽ പാടുകളുണ്ട് . സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം രാത്രി നാദാപുരത്തിനു സമീപം തൂണേരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സംഘാടക സമിതി ഓഫിസും തീയിട്ടു നശിപ്പിക്കുകയും പിന്നാലെ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ ബോംബേറുമുണ്ടായിരുന്നു. ഇതിന് പിറകെയാണ് ലീഗ് ഓഫീസിന് പുറത്ത്  സ്ടഫോനം നടന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ കുറ്റ്യാടിക്ക് സമീപത്ത് വീട്ടുപറമ്പിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.  ചേരാപുരം കാക്കുനിയില്‍ പറമ്പത്ത് അബ്ദുല്ല മുസ്ല്യാരുടെ വീട്ടുപറമ്പിലാണ് സ്‌ഫോടനം നടന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ പറമ്പത്ത് സാലിഹ് (26), പറമ്പത്ത് മലയില്‍ മുനീര്‍ (22), കുളങ്ങര ഷംസീര്‍ (23) എന്നിവര്‍ക്കാണ് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ സാലിഹിന്റെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെടുകയും കാലിനും കണ്ണിനും പരിക്കേൽക്കുകയും ചെയ്തിരുന്നു.

This post was last modified on February 20, 2019 4:32 pm