X

ബിജെപിയിലേയ്ക്ക് കൂറുമാറ്റം: മഹാരാഷ്ട്രയിലെ മൂന്ന് മന്ത്രിമാര്‍ക്ക് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്

ജൂണ്‍ 16നാണ് മൂന്ന് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേയ്ക്കും ശിവസേനയിലേയ്ക്കുമെത്തിയ മൂന്ന് പുതിയ മന്ത്രിമാര്‍ക്ക് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. മുന്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ അടക്കമുള്ളവര്‍ക്കാണ് നോട്ടീസ്. പാട്ടീലിന് പുറമെ ജയ്ദത്ത് ക്ഷീര്‍സാഗര്‍, അവിനാശ് മഹാതേക്കര്‍ എന്നീ മന്ത്രിമാര്‍ക്കാണ് കോടതി നാലാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. മന്ത്രിയായുള്ള ഇവരുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് സുരീന്ദര്‍ അറോറ, അഹമ്മദ് നഗര്‍ സ്വദേശികളായ സാമൂഹ്യപ്രവര്‍ത്തകര്‍ സഞ്ജയ് കാലെ, സന്ദീപ് കുല്‍ക്കര്‍ണി എന്നിവരുടെ ഹര്‍ജിയിലാണ് മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് 2019 നവംബര്‍ ഒമ്പതിനാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് മാസത്തിനുള്ളില്‍ വീണ്ടും ജനവിധി തേടി നിയമസഭയിലെത്താനുള്ള ഉദ്ദേശം ഇവര്‍ക്കില്ല. മൂന്ന് മന്ത്രിമാരുടേയും നിയമനം റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവരുടെ അംഗത്വം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണം.

ജയ്ദത്ത് ക്ഷീര്‍സാഗര്‍ എന്‍സിപി വിട്ട് ശിവസേന ബിജെപിയിലെത്തിയതാണ്. അവിനാശ് മഹാതേക്കര്‍ ബിജെപി സഖ്യകക്ഷി നേതാവായ രാംദാസ് അതാവ്‌ലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ ഇന്ത്യ അംഗമാണ്. ജൂണ്‍ 16നാണ് മൂന്ന് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്ന് മന്ത്രിമാരേയും ഉള്‍പ്പെടുത്തിയത് വന്‍ രാഷ്ട്രീയ അഴിമതിയാണ് എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ ആരോപിച്ചു. പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും വലിയ എതിര്‍പ്പാണ് മന്ത്രിമാരുടെ നിയമനത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരത്തില്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത് ജനാധിപത്യവിരുദ്ധമാണ് എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു.

This post was last modified on June 25, 2019 11:19 am