X

ഏലപ്പുള്ളിയിലെ ബ്രൂവറി: സര്‍ക്കാരിന്‍െ ജനദ്രോഹ നടപടിക്കെതിരെ വിഎസ് മുന്‍ നിരയിലുണ്ടാകുമെന്ന് കരുതുന്നു: വിടി ബല്‍റാം

വിവാദത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടത് പാലക്കാട് എം.പിയും ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ടുമായ എം ബി രാജേഷാണെന്നും കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു.

പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയ വിഎസ് അച്യുതാനന്ദന്റെ നടപടിയെ അഭിനന്ദിച്ച് യുഡിഎഫ് തൃത്താല എംഎല്‍എ വിടി ബല്‍റാം. വിഎസ് അച്യുതാനന്ദന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയെ ചെറുത്തു തോല്‍പ്പിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു്.

അതേസമയം, വിവാദത്തില്‍ ഇനി നിലപാട് വ്യക്തമാക്കേണ്ടത് പാലക്കാട് എംപിയും ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ടുമായ എം ബി രാജേഷാണെന്നും കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. ഇതിനായി നിലപാട് എന്ന പേരില്‍ എംബി രാജേഷിനെ ചാലഞ്ച് ചെയ്യുന്നുമുണ്ട് അദ്ദേഹം.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് വിഎസ് രംഗത്തെത്തിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം വന്‍തോതില്‍ ബിയറുല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ നടപടി പുനപരിശോധിക്കണമെന്നായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ഇന്നലെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല.

ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണ്. പെപ്‌സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നുമായിരുന്നു വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.