X

ബ്രൂവറി കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി; ഒന്നാം പ്രതി മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ്

ബ്രൂവറികള്‍ അനുവദിച്ച വിവാദത്തില്‍ സര്‍ക്കാരിനെതിരെ പുതിയ തെളിവുകളും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശ്രീചക്ര ഡിസ്റ്റിലറിക്ക് ലൈസന്‍സ് നല്‍കുന്നതിനെ അന്നത്തെ എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടോം ജോസ് എതിര്‍ത്തിട്ടും രഹസ്യമായി അനുമതി നല്‍കുകയായിരുന്നു.

അബ്കാരി നിയമത്തില്‍ തത്വത്തില്‍ അനുമതി എന്നൊന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കാനാണ് അങ്ങനെ പറയുന്നത്. ഈ അനുമതി മാത്രം മതി ബ്രൂവറിക്ക് ലൈസന്‍സ് ലഭിക്കാന്‍. ബ്രൂവറികള്‍ക്ക് പൂര്‍ണ അനുമതി കിട്ടിക്കഴിഞ്ഞെന്നും ചെന്നിത്തല. അഴിമതി നടത്താന്‍ ഏഴ് മാസം ഫയല്‍ പൂഴ്ത്തി. പ്രളയകാലത്ത് ഫയല്‍ രഹസ്യമായി ഒപ്പു വച്ചു. ഏഴ് മാസവും എട്ട് ദിവസവും എക്‌സൈ് മന്ത്രിയുടെ ഓഫീസിലിരുന്ന ഫയല്‍ 7.7.2018നാണ് ഒപ്പുവച്ചത്. കേരളം പ്രളയദുരതിത്തിലായിരുന്ന ഈ ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രി ഫയല്‍ പരിഗണിച്ചതും അനുമതി നല്‍കിയതും ഡീല്‍ ഉറപ്പിക്കാനാണെന്നും ചെന്നിത്തല ആരോപിക്കുന്നു.

കിന്‍ഫ്ര എംഡി നടത്തിയത് അധികാര പരിധിയില്‍പ്പെടുന്ന കാര്യമല്ല. സ്ഥലത്തിന് അനുമതി നല്‍കാനുള്ള അധികാരം അദ്ദേഹത്തിനില്ല. ഇഷ്ടക്കാരെ വിളിച്ചുവരുത്തി ബ്രൂവറി നല്‍കിയെന്നും പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നയം മറികടന്നു. 99ലെ നയത്തിന് വിരുദ്ധമെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കുറിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിയ്ക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും ചേര്‍ന്നാണ് ഇത് മറികടന്നത്. 99ലെ ഉത്തരവ് സര്‍ക്കാരിന്റെ നയമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഡിസ്റ്റലറി ഇടപാടില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നയം മറികടന്നിട്ടുണ്ടെങ്കില്‍ എക്‌സൈസ് മന്ത്രി രാജിവയ്ക്കണം. അഴിമതി മൂടിവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴായി. അഴിമതി കണ്ടെത്തിയതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. തെരഞ്ഞെടുപ്പ് കാലത്ത് പണം നല്‍തിയതിന് സര്‍ക്കാര്‍ മദ്യരാജാക്കന്മാര്‍ക്ക് പ്രത്യുപകാരം ചെയ്തതാണെന്നും ചെന്നിത്തല പറയുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ കടമെടുക്കുന്ന മുഖ്യമന്ത്രി ഏഴ് മാസം ഫയല്‍ കെട്ടിക്കിടന്നത് അറിഞ്ഞില്ലേയെന്നും ചെന്നിത്തല ചോദിക്കുന്നു.

This post was last modified on October 3, 2018 2:57 pm

Related Post
Leave a Comment