X

കഫേ കോഫി ഡേ ഉടമയും എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥയെ കാണാനില്ല

പാലത്തിലിറങ്ങി നടക്കുകയായിരുന്നു സിദ്ധാര്‍ത്ഥ എന്ന് ഡ്രൈവര്‍ പറയുന്നു. ഡ്രൈവറോട് കാത്തിരിക്കാന്‍ സിദ്ധാര്‍ത്ഥ പറഞ്ഞതായാണ് ബിജെപി നേതാവ് ജ്ഞാനേന്ദ്ര പറഞ്ഞത്.

കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപക ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ എസ് എം കൃഷ്ണയുടെ മരുമകനുമായ വിജി സിദ്ധാര്‍ത്ഥയെ കാണാനില്ല. മംഗളൂരുവില്‍ (മംഗലാപുരം) നിന്നാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. നേത്രാവതി പുഴയ്ക്ക് സമീപമാണ് അവസാനമായി സിദ്ധാര്‍ത്ഥയെ കണ്ടത് എന്നാണ് റിപ്പോര്‍ട്ട്. പുഴയിലേയ്ക്ക് ചാടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. നേത്രാവതി പുഴയ്ക്ക് മുകളിലെ ഒരു കിലോമീറ്റര്‍ നീളമുള്ള പാലത്തില്‍ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. ബോട്ടുകളില്‍ പൊലീസുകാര്‍ സെര്‍ച്ച് നടത്തുന്നുണ്ട്.

പാലത്തിലിറങ്ങി നടക്കുകയായിരുന്നു സിദ്ധാര്‍ത്ഥ എന്ന് ഡ്രൈവര്‍ പറയുന്നു. ഡ്രൈവറോട് കാത്തിരിക്കാന്‍ സിദ്ധാര്‍ത്ഥ പറഞ്ഞതായാണ് ബിജെപി നേതാവ് ജ്ഞാനേന്ദ്ര പറഞ്ഞത്. എന്നാല്‍ ഒരു മണിക്കൂറായിട്ടും സിദ്ധാര്‍ത്ഥ തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ പരിഭ്രാന്തനായി. പൊലീസില്‍ വിവരമറിയിച്ചു. സിദ്ധാര്‍ത്ഥുടെ അച്ഛനെ അസുഖത്തെ തുടര്‍ന്ന് മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും ജ്ഞാനേന്ദ്ര പറയുന്നു.
സിദ്ധാര്‍ത്ഥയെ കാണാതായ വിവരമറിഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും കോണ്‍ഗ്രസ് നേതാക്കളായ ഡികെ ശിവകുമാറും ബിഎല്‍ ശങ്കറും ഇന്ന് പുലര്‍ച്ചെ എസ് എം കൃഷ്ണയുടെ വീട്ടിലെത്തിയിരുന്നു.

2017 സെപ്റ്റംബറില്‍ സിദ്ധാര്‍ത്ഥയുടെ ഓഫീസുകള്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ റെയ്ഡ് ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ ബീന്‍ കയറ്റുമതിക്കാരാണ് സിദ്ധാര്‍ത്ഥയുടെ കമ്പനി. 130 വര്‍ഷത്തിലധികമായി കാപ്പി അനുബന്ധ വ്യവസായത്തില്‍ സജീവമാണ് സിദ്ധാര്‍ത്ഥയുടെ കുടുംബം. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൈന്‍ഡ് ട്രീയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് സിദ്ധാര്‍ത്ഥ. കോണ്‍ഗ്രസ് നേതാവായിരുന്ന എസ് എം കൃഷ്ണ പിന്നീട് ബിജെപിയിലേയ്ക്ക് മാറുകയായിരുന്നു.

Also Read: കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പടര്‍ന്ന കഫേ കോഫി ഡേയിലേയ്ക്ക്; വി.ജി സിദ്ധാര്‍ത്ഥയുടെ ഉയര്‍ച്ചയും വീഴ്ചയും

This post was last modified on July 30, 2019 11:26 am