X

രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് ശിക്ഷ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഒരു സ്ത്രീയെ മനുഷ്യ ബോംബായി ഉപയോഗിച്ച അസാധാരണമായ സംഭവമാണ് അവിടെ നടന്നതെന്നും ഇത് നീതീകരിക്കാനാവില്ലെന്നും കേന്ദ്രം പറയുന്നു.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികള്‍ 27 വര്‍ഷമയി തടവ് ശിക്ഷ അനുഭവിക്കുകയാണെന്നും ഇവര്‍ക്ക് ഇളവ് അനുവദിച്ച് വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദാണ് കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്.

ക്രൂരവും, മനുഷ്യത്വ രഹിതവുമായ ആക്രമണമാണ് രാജീവ് ഗാന്ധിയെ വകവരുത്താന്‍ നടത്തിയത്. 16 നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയെ മനുഷ്യ ബോംബായി ഉപയോഗിച്ച അസാധാരണമായ സംഭവമാണ് അവിടെ നടന്നതെന്നും ഇത് നീതീകരിക്കാനാവില്ലെന്നും കേന്ദ്രം പറയുന്നു.

ഹര്‍ജിയില്‍ കോടതി നാളെയാണ് അന്തിമ വിധിപറയുനത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ന്‌ലപാട് ആരാഞ്ഞ കോടതിക്ക് നല്‍കിയ മറുപടി പറയുകയായിരുന്നു സര്‍ക്കാര്‍. കേസിലെ പ്രതികളെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിട്ടയക്കാനാവില്ലെന്ന് 2015 ല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.