X

ചെങ്ങോട്ടുമല ഖനനം: നാട്ടുകാരുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രം തീരുമാനമെന്ന് കളക്ടര്‍, സമരം അവസാനിപ്പിച്ചു

മരസമിതിയുമായി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളും പുരുഷൻ കടലുണ്ടി എംഎൽഎയുടെ സാന്നിധ്യത്തിൽ, ജില്ലാ കളക്ടർ സാംബശിവറാവു വിശദമായ ചർച്ച നടത്തി

പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കില്ലെന്ന കളക്ടറുടെ ഉറപ്പിൽ ചെങ്ങോട്ടുമല ഖനനത്തിനെതിരായ സമരം പ്രദേശവാസികൾ പിൻവലിച്ചു. കോഴിക്കോട് ബാലുശ്ശേരി കൂട്ടാലിടയ്ക്ക് കൂട്ടാലിടയ്ക്ക് സമീപത്തെ വിവാദമായ ചെങ്ങോട്ടുമല ഖനനത്തിന് എതിരാണ് നാട്ടുകാർ പഞ്ചായത്തോഫീസിന് മുന്നില്‍ നടത്തിവന്നിരുന്നത്.

ചെങ്ങോട്ടുമല ഖനനത്തെ കുറിച്ച് സമരസമിതിയുമായി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളും പുരുഷൻ കടലുണ്ടി എംഎൽഎയുടെ സാന്നിധ്യത്തിൽ, ജില്ലാ കളക്ടർ സാംബശിവറാവു വിശദമായ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി അറിച്ചു. ഖനനത്തിനെതിരെ കഴിഞ്ഞ എട്ട് ദിവസമായി നാട്ടുകാര്‍ പഞ്ചായത്തോഫീസിന് മുന്നില്‍ സമരത്തിനാണ് ഇതോടെ അവസാനമാവുന്നത്.

നാട്ടുകാരുടെ ആശങ്കകൾ യോഗം വിശദമായിതന്നെ ചർച്ച ചെയ്തു. ദ്രുതഗതിയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കില്ലെന്നാണ് ജില്ലാ കലക്ടർ ഉറപ്പ് നല്‍കിയിട്ടുള്ളത്. കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കാനായി എത്രയും പെട്ടെന്ന് സ്ഥലം സന്ദർശിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. എല്ലാ വാദഗതികളും പരിഗണിച്ച ശേഷം മാത്രമേ നിയമപ്രകാരം പ്രശ്നത്തിൽ നടപടികൾ എടുക്കൂ എന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

പത്തനംതിട്ട ആസ്ഥാനമായ ഡല്‍റ്റാ ഗ്രൂപ്പ് ക്വാറി തുടങ്ങാനായി നൂറ്റമ്പതേക്കര്‍ ഭൂമിയാണ് ചെങ്ങോട്ടുമലയില്‍ വാങ്ങിച്ചിരുന്നത്. ഇവര്‍ക്ക് ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തീര്‍പ്പാക്കുന്നതുവരെ ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കരുതെന്നായിരുന്നു സമരസമിതിയുടെ ആവശ്യം.

ആദിവാസി വിഭാഗങ്ങളുടെ കൈയില്‍ നിന്നും പഞ്ചായത്തിന്റെ പക്കല്‍ നിന്നും കൈവശപ്പെടുത്തിയ സ്ഥലമടക്കം ഏകദേശം 98 ഏക്കറോളം ഇപ്പോള്‍ ഡെല്‍റ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണുള്ളത്. ഈ ഭൂമിയില്‍ 11.8 ഏക്കറിലാണ് കമ്പനി ഖനനാനുമതി തേടിയിട്ടുള്ളത്. 12 ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ വന്‍കിട ക്വാറിയായി കണക്കാക്കുമെന്നതിനാല്‍ ചെറുകിട ക്വാറി ഗണത്തില്‍പ്പെടുത്തി ഒന്നിലധികം ക്വാറികള്‍ക്ക് ഘട്ടം ഘട്ടമായി അനുമതി നേടാനാണ് ഡെല്‍റ്റ ഗ്രൂപ്പിന്റെ പദ്ധതിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയായ ചെങ്ങോട്ടുമലയില്‍ ക്വാറിയ്ക്കായി അനുമതി തേടിയിട്ടുള്ള 11.8 ഏക്കറില്‍ മാത്രം പതിനായിരത്തോളം മരങ്ങളാണുള്ളത്. അവയില്‍ ആയിരത്തോളം അനുമതിയില്ലാതെ തന്നെ ഇതിനോടകം മുറിച്ചുമാറ്റിക്കഴിഞ്ഞിട്ടുണ്ട്. എട്ടു മീറ്ററോളം മണ്ണുമാറ്റിയാല്‍ മാത്രമേ പാറ കണ്ടെത്താനാകൂ. തിട്ടപ്പെടുത്താനാകാത്തത്ര വലിയ പാരിസ്ഥിതികാഘാതമാണ് ചെങ്ങോട്ടുമലയില്‍ ക്വാറിയാരംഭിച്ചാല്‍ പ്രദേശവാസികളെ കാത്തിരിക്കുന്നത്. അതീവ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കപ്പെടേണ്ട ചെങ്ങോട്ടുമലയുടെ ഉള്‍ഭാഗം പൊള്ളയാണെന്നും നാട്ടുകാർ പറയുന്നു.

Read More: വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്

This post was last modified on May 16, 2019 6:21 pm