X

മധുര യാത്രക്ക് 7.60 ലക്ഷം; മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദത്തിൽ

ബെംഗളൂരുവിലെ ടിഎ ജെറ്റ്‌സ് എന്ന സ്വകാര്യ വിമാനക്കമ്പനിക്കാണ് തുക നൽകിയത്.

പ്രളയത്തിന് ശേഷം ചെലവ് ചുരുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമാനയാത്ര വിവാദത്തിൽ. മധുരയില്‍ നടന്ന ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി നടത്തിയ പ്രത്യേക വിമാനത്തില്‍ യാത്രയാണ് വിവാദത്തിന് വഴിവച്ചത്. നവംബര്‍ ആറിന് നടത്തിയ യാത്രയ്ക്ക് സംസ്ഥാന പൊതുഭരണവകുപ്പ് ചിലവാക്കിയത് 7.60 ലക്ഷം രൂപയാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട്.

ഓഗസ്റ്റിൽ പ്രളയം കെടുതി വിതച്ച ശേഷം സംസ്ഥാനത്ത് പുനർ‌ നിർമാണ ചർച്ചകൾ ഉൾപ്പെടെ പുരോഗമിക്കുവെയായിരുന്നു വിമാനയാത്രയെന്നും റിപ്പോർട്ട് പറയുന്നു. പ്രത്യേക വിമാനത്തില്‍ മധുരയ്ക്ക് പോയ മുഖ്യമന്ത്രി അന്നു തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ബെംഗളൂരുവിലെ ടിഎ ജെറ്റ്‌സ് എന്ന സ്വകാര്യ വിമാനക്കമ്പനിക്കാണ് തുക നൽകിയത്. ചിലവാക്കിയ തുക നല്‍കാനായി സംസ്ഥാന പൊലീസ് മേധാവിയുടെ അക്കൗണ്ടിലേക്ക് പൊതുഭരണ വകുപ്പ് കഴിഞ്ഞദിവസം പണം കൈമാറുകയും ചെയ്തിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞവര്‍ഷം തൃപ്രയാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി യാത്ര ചെയ്തതും നേരത്തെ വിവാദമയിരുന്നു.

എന്നാല്‍ ഇത് മാതൃഭൂമിയുടെ നുണക്കഥയാണെന്നാണ് ദേശാഭിമാനി പറയുന്നത്. 2017 നവംബര്‍ ആറിനായിരുന്നു ഈ സമ്മേളനം. ഇതാണ് 2018-ലെതായിട്ട് മാതൃഭൂമി ചെയ്തതതെന്നും ദേശാഭിമാനി പറയുന്നു. ഇതിന് തെളിവായി മുഖ്യമന്ത്രി പങ്കെടുത്ത ദളിത് ശോഷണ്‍മുക്തി മഞ്ച് സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്ന ഫോട്ടോ ഉൾപ്പെടുന്ന ചിത്രവും ദേശാഭിമാനി  റിപ്പോര്‍ട്ടിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.

This post was last modified on January 22, 2019 11:32 am