X

കുട്ടികൾ‌ വീടുവിട്ടിറങ്ങുന്നു; റെയില്‍വേ ചൈല്‍ഡ് ലൈന്‍ മാത്രം കണ്ടെത്തിയത് 372 പേരെ, കൂടുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലയിൽ മാത്രം  185 കുട്ടികള്‍ ഒളിച്ചോടിയതായും കണക്കുകൾ പറയുന്നു.

സംസ്ഥാനത്ത് കൂടുതൽ കുട്ടികൾ വീടുവിട്ടറങ്ങുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നെന്ന് റിപ്പോർട്ട്. റെയിലവേ ചൈൽ ഡ് ലൈൻ പുറത്തുവിട്ട കണക്കിലാണ് സംസ്ഥാനത്ത് വീടുവിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണത്തിലെ വർധന സൂചിപ്പിക്കുന്നത്. നാടുവിടാന്‍ കുട്ടികള്‍ തീവണ്ടി തിരഞ്ഞെടുക്കുന്നത് കൊണ്ട് തന്നെ ഭൂരിഭാഗം കുട്ടികളെയും റെയില്‍വേ സ്റ്റേഷനിൻ നിന്നാണ് കണ്ടെത്തുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ഇത്തരത്തിൽ വീടുവിട്ടിറങ്ങിയ 372 കുട്ടികളെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ മാത്രം കണ്ടെത്തിയത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിൽ  റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നെങ്കിലും തിരുവനന്തപുരം റെയില്‍വേ ചൈല്‍ഡ് ലൈനാണ് കുട്ടികളുടെ ഒളിച്ചോട്ടം ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ മാത്രം  185 കുട്ടികള്‍ ഒളിച്ചോടിയതായും കണക്കുകൾ പറയുന്നു.  കോഴിക്കോട് 111, എറണാകുളത്ത് 66, തൃശൂരില്‍ 10 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കേസ് രജിസ്റ്റര്‍ ചെയ്ത 33 കുട്ടികളേയും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.  എട്ടുമാസത്തിനുള്ളില്‍ കാണാതായതിലെ കണക്കാണിത്.  എറണാകുളം 13, കോഴിക്കോട് 10, തൃശൂര്‍ ഏഴ്, തിരുവനന്തപുരം മൂന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.