X

മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ കലാകാരനായിരുന്നു കര്‍ണാട്: മുഖ്യമന്ത്രി

ഗിരീഷ്‌ കര്‍ണാടിന് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയും എഴുത്തുകാരന്‍ അമിതാവ് ഘോഷും ട്വീറ്റ് ചെയ്തു.

പ്രശസ്ത നാടകകൃത്തും നടനുമായ  ഗിരീഷ് കര്‍ണാടിന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ നാടകവേദിയുടെ വളര്‍ച്ചയ്ക്കും സിനിമയുടെ നവോത്ഥാനത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരനായിരുന്നു ഗിരീഷ് കര്‍ണാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സാമുദായിക ജീര്‍ണതയ്ക്കും മതമൗലികവാദത്തിനുമെതിരെ അദ്ദേഹം തന്‍റെ കലാസൃഷ്ടികളും രചനകളും ഉപയോഗിച്ചു. നാടകരംഗത്ത് അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി. മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ഭയം പോരാടിയ കലാകാരനായിരുന്നു കര്‍ണാട്. അതുകൊണ്ടുതന്നെ വര്‍ഗീയശക്തികളുടെ ആക്രമണത്തിനും ഭീഷണിക്കും അദ്ദേഹം ഇരയായി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ അദ്ദേഹം തന്‍റെ കലാ-സാമൂഹ്യപ്രവര്‍ത്തനം അവസാനംവരെ തുടര്‍ന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഗിരീഷ്‌ കര്‍ണാടിന് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയും എഴുത്തുകാരന്‍ അമിതാവ് ഘോഷും ട്വീറ്റ് ചെയ്തു.

ബംഗളൂരുവിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു ഗിരീഷ് കര്‍ണാടിന്റെ അന്ത്യം. 81 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ മാതേരനില്‍ 1938 മെയ് 19നാണ് അദ്ദേഹം ജനിച്ചത്. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. സിനിമയില്‍ സജീവമായിരുന്നപ്പോഴും നാടകകൃത്തെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇംഗ്ലീഷിലും കന്നഡയിലും നാടകങ്ങള്‍ രചിച്ചിരുന്നു. മാല്‍ഗുഡി ഡെയ്‌സ് പോലുള്ള പ്രശസ്തമായ ടെലിവിഷന്‍ ഷോകളും അദ്ദേഹം ചെയ്തു.

ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഹിന്ദുത്വ ഫാസിസത്തിന്റെ നിശിത വിമര്‍ശകനായിരുന്ന അദ്ദേഹത്തെയാണ് ഗൗരി ലങ്കേഷിന് മുമ്പ് വധിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ പദ്ധതിയിട്ടിരുന്നത്.

 

പ്രശസ്ത നാടകകൃത്ത് ഗിരീഷ് കര്‍ണാട് അന്തരിച്ചു

This post was last modified on June 10, 2019 10:56 am