സൈനിക കമാന്‍ഡര്‍മാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ലഡാക്കിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുടെ പരാതി. ലേ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവ്‌നി ലവാസയാണ് ഇന്ത്യന്‍ ആര്‍മിക്ക് കത്ത് നല്‍കിയത്. ചില ആര്‍മി കമാന്‍ഡര്‍മാര്‍ തങ്ങളുടെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്നത് സംബന്ധിച്ച് അന്വേഷിച്ചതായി ആവ്‌നി ലവാസ പറയുന്നു. പോസ്റ്റല്‍ വോട്ടുകള്‍ സംബന്ധിച്ചാണ് കമാന്‍ഡര്‍മാര്‍ ഇത്തരത്തില്‍ അന്വേഷിച്ചത്. ലഡാക് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്ത് എന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നു.
കമാന്‍ഡര്‍മാര്‍ ജവാന്മാരെ ടെലിഫോണില്‍ വിളിച്ച് ആര്‍ക്കാണ് വോട്ട് ചെയ്യുക എന്ന് ചോദിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. രഹസ്യബാലറ്റിനെ അട്ടിമറിക്കുന്ന പ്രവൃത്തികളാണ് കമാന്‍ഡര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമ നടപടി വേണം എന്ന് ലേ ഡെപ്യൂട്ടി കമ്മീഷണര്‍ കൂടിയായ അവ്‌നി ലവാസ ആവശ്യപ്പെടുന്നു.
അതേസമയം കത്തിലെ ആരോപണങ്ങളെ ആര്‍മി തള്ളിക്കളഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായത് പരാതികളില്‍ യാതൊരു കഴമ്പുമില്ല എന്നാണ് എന്ന് ആര്‍മി വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. ഇത് ഇന്ത്യന്‍ ആര്‍മിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുമെന്നും ആര്‍മി വക്താവ് പറഞ്ഞു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ അശോക് ലവാസയുടെ മകളാണ് ആവ്‌നി ലവാസ. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്കും തുടര്‍ച്ചയായുള്ള പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനെ എതിര്‍ത്ത ഒരേയൊരു അംഗം അശോക് ലവാസയാണ്.
This post was last modified on May 11, 2019 7:41 pm
Leave a Comment