X

ടിടിസി ഇല്ല, എല്ലാ അധ്യാപകർക്കും ബിരുദം വേണം; സ്കൂൾ വിദ്യാഭ്യാസത്തിന് പൊതു ഡയറക്ടറേറ്റിന് ശുപാർശ

സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയമിച്ച ഡോ. എംഎ ഖാദർ കമ്മിറ്റി ശുപാർശയിലാണ് കാതലായ മാറ്റം നിർദേശിക്കുന്നത്.

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ ഘടനയിൽ പരിഷ്കാരം നടത്തണമെന്ന് വിദഗ്ദ സമിതി ശുപാർശ. സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്ന പുതിയ സംവിധാനത്തിന് കീഴിൽ വരുത്താനാണ് നീക്കം.  സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയമിച്ച ഡോ. എംഎ ഖാദർ കമ്മിറ്റി ശുപാർശയിലാണ് കാതലായ മാറ്റം നിർദേശിക്കുന്നത്. ഒന്നു മുതൽ 12 വരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിനു കീഴിലാക്കുമെന്നതാണ് ഇതിൽ പ്രധാനം.  ഇതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഒരു ഡയറക്ടറേറ്റ് ആക്കണമെന്നും കമ്മിറ്റി ശുപാശ ചെയ്യുന്നു.

അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും ശുപാർശ നിർ‌ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. പ്രൈമറിതലത്തിൽ (ഒന്നു മുതൽ ഏഴു വരെ) അധ്യാപക അടിസ്ഥാന യോഗ്യത ബിരുദവും ഒപ്പം ബിരുദ നിലവാരത്തിലുള്ള പ്രഫഷനൽ യോഗ്യതയുമാക്കണം. സെക്കൻ‍ഡറിതലത്തിൽ ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയെന്നം ശുപാർശ വ്യക്തമാക്കുന്നു.

സ്കൂളുകളിലെ ഹെഡ്മാസ്റ്റർ പ്രിൻസിപ്പൽ എന്നീ രണ്ട് അധികാര കേന്ദ്രങ്ങൾ ഇല്ലാതാവുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്കൂളിന് ഒരു  മേധാവി മാത്രമാവുന്നതോടെ പ്രിൻസിപ്പലിനെ സഹായിക്കാൻ വൈസ് പ്രിൻസിപ്പൽ തസ്തികയും നടപ്പാക്കണം.  ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ അധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പ്രിൻസിപ്പൽമാരായി നിയമിക്കണം. എന്നാൽ‌ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കേഡറിലുള്ളവർക്കു നിലവിലുള്ള അവസരം തുടരും. 12 വരെയുള്ള സ്കൂളിന്റെ മേധാവി പ്രിൻസിപ്പൽ (സെക്കൻഡറി). 10 വരെയാണെങ്കിൽ പ്രിൻസിപ്പൽ (ലോവർ സെക്കൻഡറി), ഏഴു വരെ പ്രിൻസിപ്പൽ (പ്രൈമറി), നാലു വരെ പ്രിൻസിപ്പൽ (ലോവർ പ്രൈമറി) എന്നിങ്ങനെ പുനർനാമകരണം ചെയ്യാനും ശുപാർശ പറയുന്നു.

കുടാതെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ  ലോവർ പ്രൈമറിയും ഏഴു വരെയുള്ള ക്ലാസുകൾ പ്രൈമറിയുമായിരിക്കും ഇനിമുതൽ അറിയപ്പെടുക. എട്ടു മുതൽ 10 വരെ ലോവർ സെക്കൻഡറി. 12 വരെ സെക്കൻഡറി. മുഴുവൻ വൊക്കേഷനൽ ഹയർസെക്കൻ‍ഡറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളാക്കി  മാറ്റണമെന്നും ശൂപാർശ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറെ അസിസ്റ്റന്റ് എജ്യൂക്കേഷനൽ ഓഫീസർ, ജില്ലാ വിദ്യാദ്യാസ ഓാഫീസർ തസ്തികകൾ ഇല്ലാതാവും. ഡിഡിഇ, റീജനൽ ഡപ്യൂട്ടി ഡയറക്ടർ, അഡീഷനൽ ഡയറക്ടർ ഓഫിസുകളും ഘടനമാറ്റണമെന്നും ശുപാർശ പറയുന്നു. അതേസമയം, ഹയർസെക്കൻഡറി അധ്യാപക സംഘടനകൾ ശക്തമായി എതിർക്കുന്ന കാര്യമാണ് ലയനമെന്നതും ശ്രദ്ധേയമാണ്.

 

This post was last modified on January 25, 2019 1:22 pm