X

ആര്‍എസ്എസ് നാസികളെ പോലെയെന്ന് ഇമ്രാന്‍ ഖാന്‍; “കാശ്മീരില്‍ വംശഹത്യക്ക് ശ്രമം, ഹിറ്റ്‌ലറെ പ്രീണിപ്പിച്ചത് പോലെ ലോകം ഇവരേയും പ്രീണിപ്പിക്കുമോ?”

ആര്‍എസ്എസിന് വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നാസികളെ പോലെയാണ്.

ആര്‍എസ്എസ് നാസികളെ പോലെയാണ് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരില്‍ മോദി സര്‍ക്കാര്‍ വംശഹത്യക്കാണ് ശ്രമിക്കുന്നത് എന്നും മ്യൂണിച്ചില്‍ ഹിറ്റ്‌ലറെ പ്രീണിപ്പിച്ച പോലെ ലോകം ഇവരേയും പ്രീണിപ്പിക്കുമോ എന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു. മുസ്ലീം ഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ നിന്ന് കാശ്മീരിനെ മാറ്റാനുള്ള വംശഹത്യാനീക്കമാണ് നടക്കുന്നത് എന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റുകളില്‍ ആരോപിച്ചു.

ആര്‍എസ്എസിന് വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നാസികളെ പോലെയാണ്. ഹിന്ദു മേധാവിത്തത്തിന്റെ പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസ് ആര്യന്‍ മേധാവിത്ത വാദം കൊണ്ടുനടക്കുന്ന നാസികളെ പോലെയാണ്. ഇത് അവസാനിക്കില്ല. ഇത് ഇന്ത്യയിലെ മുസ്ലീങ്ങളെ അടിച്ചമര്‍ത്തും. ഇനി പാകിസ്താനെതിരെ ഇവര്‍ തിരിയും. ഹിറ്റ്‌ലറുടെ ഹിന്ദുത്വ വേര്‍ഷനാണ് ഇവര്‍ – ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നേരത്തെ പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കുന്നതായി അറിയിച്ച പാകിസ്താന്‍ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ തിരിച്ചുവിളിക്കുമെന്നും അറിയിച്ചിരുന്നു. ഇന്ത്യയിലേയ്ക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും വ്യാപാരബന്ധം റദ്ദാക്കുകയും ചെയ്തിരുന്നു. കാശ്മീര്‍ പ്രശ്‌നത്തില്‍ യുഎന്‍ ഇടപെടണം എന്നാണ് പാകിസ്താന്റെ ആവശ്യം.