X

സിപിഐ എംഎല്‍എയെ പൊലീസ് വീട്ടില്‍കയറി തല്ലിയതല്ല, സമരം ചെയ്ത് തല്ല് വാങ്ങിയതാണ്: സംസ്ഥാന സെക്രട്ടറി കാനം; പ്രസ്താവന പിണറായിയെ കണ്ട ശേഷം

അനീതിക്കെതിരെ സമരം ചെയ്യുമ്പോള്‍ അത് ചിലപ്പോള്‍ പൊലീസിനെതിരായാകും. സിപിഐ എംഎല്‍എയെ കണ്ടാല്‍ തിരിച്ചറിയില്ലേ എന്ന് പൊലീസിനോട് തന്നെ ചോദിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നീണ്ട മൗനത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിനെ വിമര്‍ശിക്കാതെയായിരുന്നു കാനത്തിന്റെ പ്രതികരണം. സിപിഐ എംഎല്‍എയെ പൊലീസ് വീട്ടില്‍ക്കയറി തല്ലിയിട്ടില്ല എന്നും സമരം ചെയ്ത് തല്ല് വാങ്ങിയതാണ് എന്നും കാനം പറഞ്ഞു. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ എന്ന് കാനം പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി നിശബ്ദത പാലിക്കുന്നതിനെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം.

അനീതിക്കെതിരെ സമരം ചെയ്യുമ്പോള്‍ അത് ചിലപ്പോള്‍ പൊലീസിനെതിരായാകും. സിപിഐ എംഎല്‍എയെ കണ്ടാല്‍ തിരിച്ചറിയില്ലേ എന്ന് പൊലീസിനോട് തന്നെ ചോദിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എറണാകുളം കലക്ടറോട് സര്‍ക്കാര്‍ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കാനം പറഞ്ഞു. മന്ത്രിമാരായ ഇ ചന്ദ്രശേഖരനും വിഎസ് സുനില്‍ കുമാറും പി തിലോത്തമനും മന്ത്രിസഭ യോഗത്തില്‍ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എല്‍ദോ എബ്രഹാമും ഏറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.

വൈപ്പില്‍ കോളേജിലെ സംഘര്‍ഷത്തില്‍ പൊലീസ് നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് സിപിഐ, കൊച്ചി റേഞ്ച് ഐജി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചിനിടെയാണ് എല്‍ദോ എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചത്. എംഎല്‍എയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് തന്നെ മര്‍ദ്ദിച്ചത് എന്ന് എല്‍ദോ പറഞ്ഞിരുന്നു.

This post was last modified on July 25, 2019 10:25 pm