X

വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് സിപിഎം, തോല്‍വി മുന്‍കൂട്ടി അറിയാതിരുന്നത് ജനങ്ങളുമായുള്ള ബന്ധം നഷ്ടമായതിനാല്‍

ബിജെപിയുടെ സംസ്ഥാനത്തെ വളർച്ച ഇനിയും കണ്ടില്ലന്ന് നടിക്കരുത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ തോല്‍വി മുന്‍കൂട്ടി കാണാനായില്ലെന്നും പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പി.യിലേക്ക് പോയെന്നും വിലയിരുത്തി സിപിഎം സംസ്ഥാന സമിതി യോഗം. പലമണ്ഡലങ്ങളിലും ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ശബരിമല വിഷയത്തിലെ നിലപാടിലടക്കം താഴെത്തട്ടില്‍ ബോധവല്‍ക്കരണം നടത്തിയാലേ വിശ്വാസി സമൂഹത്തിന്റെ പിന്തുണ വീണ്ടെടുക്കാനാവൂവെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ.

അടിത്തെട്ടിലെ പ്രവർത്തനത്തിന്റെ അഭാവമാണ് ഇത്ര വലിയ തോൽവി പോലും തിരിച്ചറിയാതിരിക്കാനുള്ള കാരണം. ഭൂരിപക്ഷം ലഭിക്കുമെന്ന് വിചാരിച്ച ബുത്തുകളിൽ പോലും തിരിച്ചടി നേരിട്ടു. ഇത് പ്രവർത്തകർക്ക് ജനങ്ങളുടെ വികാരം അറിയാൻ കഴി‍ഞ്ഞില്ലെന്നതിന്റെ തെളിവാണ്. പിഴവുകൾ കണ്ടെത്തി തിരുത്തൽ നടപടിയുണ്ടാകേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പാർട്ടി വോട്ടുകൾ ബിജെപിയിലേക്കു പോയതു മറച്ചുവച്ചിട്ടു കാര്യമില്ല. ബിജെപിയുടെ സംസ്ഥാനത്തെ വളർച്ച ഇനിയും കണ്ടില്ലന്ന് നടിക്കരുത്. പ്രതിസന്ധികൾ മറികടക്കാനുള്ള പ്രവർത്തനങ്ങളാണ് ഇനി വേണ്ടതെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്ന് എല്ലാവിഭാഗം ജനങ്ങളും സമ്മതിക്കുന്നുണ്ട്. അതു വോട്ടാക്കി മാറ്റാൻ കഴിയാത്തത് പാർട്ടി അംഗങ്ങളുടെ പ്രവർത്തനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തിയ സമിതി കേന്ദ്ര സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സമിതിയിൽ വിമര്‍ശനം ഉയർന്നു.

കേന്ദ്രനേതൃത്വത്തിന്റെ സമീപനത്തില്‍ വ്യക്തതയുണ്ടായിരുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സമിതി തിരഞ്ഞെടുപ്പില്‍ ഒരു ഏകീകൃത നയമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച സമീപനം കേരളത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും പറയുന്നു. എന്നാൽ ഇപ്പോൾ കത്തി നിൽക്കുന്ന ബിനോയ് കോടിയേരി, ആന്തൂര്‍ വിഷയങ്ങള്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തില്ല.

ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തുര്‍ മോഡല്‍

 

This post was last modified on June 24, 2019 7:22 am