X

ഡല്‍ഹിയിലെ നീര്‍ച്ചാലുകള്‍ നവീകരിക്കാന്‍ സിയോള്‍ മാതൃക; കാല്‍നടയാത്ര പ്രോത്സാഹിപ്പിക്കും: കെജ്രിവാള്‍

ദശാബ്ദങ്ങളായി ഹൈവേ ഓവര്‍പാസിന് താഴെ കിടന്നിരുന്ന നീര്‍ച്ചാലിനെ പുനര്‍ജീവിപ്പിച്ചാണ് ചിയോങ്യോചിയോണ്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

ദക്ഷിണ കൊറിയയുടെ ചിയോങ്യേചിയോണ്‍ പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡല്‍ഹി നഗരത്തില്‍ നീര്‍ച്ചാല്‍ ഒഴുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് ഡല്‍ഹി സര്‍ക്കാര്‍. ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സിയോളില്‍ ഒരു അഴുക്കുചാലിനെ നവീകരിച്ച് ഇരുകരകളിലും പച്ചപ്പുള്ള ഒരു ചെറുപുഴയായി മാറ്റിയിരുന്നു. ഉഭയകക്ഷി ചര്‍ച്ചക്ക് സിയോളില്‍ എത്തിയ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ അത്തരത്തില്‍ നീര്‍ച്ചാലുകള്‍ ഉണ്ടാക്കാന്‍ സിയോളുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ദശാബ്ദങ്ങളായി ഹൈവേ ഓവര്‍പാസിന് താഴെ കിടന്നിരുന്ന നീര്‍ച്ചാലിനെ പുനര്‍ജീവിപ്പിച്ചാണ് ചിയോങ്യോചിയോണ്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

നീര്‍ച്ചാലിനെ തിരികെ കൊണ്ടുവരാന്‍ പറ്റിയതിനാലാണ് സിയോള്‍ നഗരത്തിന് പുതുജീവന്‍ കിട്ടിയതെന്ന് നഗര പരിഷ്‌കരണ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹി നഗരത്തിലൂടെ പോകുന്ന സ്വാഭാവിക നീരൊഴുക്കിന്റെ ഗതിക്കനുസരിച്ച് കാല്‍നടപ്പാത നിര്‍മ്മിക്കാനും നഗരപ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനും കഴിയുമെന്നാണ് കെജ്രിവാള്‍ വിശ്വസിക്കുന്നത്. നിലവിലെ ജലപാതകള്‍ക്ക് അരികിലൂടെ നഗരത്തില്‍ കാല്‍നടയാത്ര പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കാല്‍നട സൗഹാര്‍ദനഗരമായി ഡല്‍ഹിയെ മാറ്റാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിയോളിലെ പൊതുഗതാഗത സംവിധാനത്തെയും മുഖ്യമന്ത്രി പ്രശംസിച്ചു. സിയോള്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപറേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് റോഡില്‍ യാത്ര ചെയ്യുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ടെന്നും നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ട്രാഫിക് കുരുക്ക് കുറക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ രംഗത്ത് സിയോളും ഡല്‍ഹിയും തമ്മില്‍ കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തിന്റെ സിയോള്‍ മാതൃകയില്‍ നിന്ന് പഠിക്കാന്‍ ഡല്‍ഹിയിലെ നഗരപാലികര്‍ക്ക് നിര്‍ദേശം നല്‍കാന്‍ താത്പര്യപ്പെടുന്നതായും, ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.