X

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെജ്രിവാളിന്റെ ‘സൗജന്യ മഴ’ തുടരുന്നു – സ്ത്രീകളുടെ സൗജന്യ മെട്രോ യാത്രക്കും വൈദ്യുതി നിരക്കിലെ ഇളവിനും പിന്നാലെ വെള്ളവും

200 യൂണിറ്റ് വരെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവര്‍ പണമടക്കേണ്ടതില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് അറിയിച്ചത്.

മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കല്‍ എന്നിവയ്ക്ക് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ പ്രഖ്യാപനം. ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ ഉപഭോക്താക്കള്‍ക്ക് വെള്ളത്തിന്റെ കുടിശിക നല്‍കേണ്ടതില്ല എന്നാണ് പുതിയ ഓഫര്‍. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും.

എല്ലാ ഡല്‍ഹി വാസികളേയും വെള്ളത്തിന് മീറ്റര്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് കെജ്രിവാള്‍ പറഞ്ഞു. ചിലത് ശരിക്കുള്ള കുടിശികയും മറ്റ് ചിലത് തെറ്റായ ബില്ലിംഗ് മൂലം ഉണ്ടായതുമാണ്. നവംബര്‍ 30നകം മീറ്റര്‍ സ്ഥാപിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

200 യൂണിറ്റ് വരെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവര്‍ പണമടക്കേണ്ടതില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് അറിയിച്ചത്. ദേശീയ തലസ്ഥാന പ്രദേശത്തെ ഉയര്‍ന്ന വൈദ്യുതി ലോഡ് കുറക്കാന്‍ ഈ നടപടി സഹായകമായേക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 201നും 400നും ഇടയ്ക്ക് യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ പകുതി ചാര്‍ജ്ജ് നല്‍കിയാല്‍ മതി. വൈദ്യുതി ചാര്‍ജ്ജ് മിതമായ നിരക്കിലേയ്ക്ക് കുറച്ചതിന് പിന്നില്‍ ആം ആദ്മി സര്‍ക്കാരിന്റെ കഠിനാദ്ധ്വാനമുണ്ടെന്നും വൈദ്യുതി വിതരണ കമ്പനികള്‍ മെച്ചപ്പെട്ട സാമ്പത്തികനിലയിലാണുള്ളത് എന്നും കെജ്രിവാള്‍ പറഞ്ഞു.

This post was last modified on August 27, 2019 3:30 pm