X

ഇന്ത്യ വിടണമെന്ന് അര്‍ണാബ്, കാശ്മീരില്‍ ഞാന്‍ അധികാരത്തിലെത്തിയാല്‍ തന്റെ ചാനല്‍ പൂട്ടിക്കുമെന്ന് ഷാ ഫൈസല്‍

നിങ്ങള്‍ ഇന്ത്യ വിട്ട് യുഎസിലേയ്‌ക്കോ മറ്റോ പോകൂ എന്നായിരുന്നു അര്‍ണാബ് ഗോസ്വാമി പറഞ്ഞത്.

നിങ്ങള്‍ ഇന്ത്യ വിട്ടുപോകണം എന്നാണ് റിപ്പബ്ലിക് ടിവി എംഡി അര്‍ണാബ് ഗോസ്വാമി, ചര്‍ച്ചയ്ക്കിടെ പറഞ്ഞപ്പോള്‍ തന്റെ ചാനല്‍ ഞാന്‍ പൂട്ടിക്കും എന്നായിരുന്നു ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷാ ഫൈസലിന്റെ മറുപടി. കാശ്മീരിലെ പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് അര്‍ണാബ് ഗോസ്വാമി തന്റെ സ്ഥിരം ശൈലിയില്‍ ക്രുദ്ധനായി ഷാ ഫൈസലിനോട് തട്ടിക്കയറിയത്. നിങ്ങള്‍ ഇന്ത്യ വിട്ട് യുഎസിലേയ്‌ക്കോ മറ്റോ പോകൂ എന്നായിരുന്നു അര്‍ണാബ് ഗോസ്വാമി പറഞ്ഞത്.

അര്‍ണാബ് ഗോസ്വാമി ചര്‍ച്ച തുടങ്ങിയത് തന്നെ നിങ്ങള്‍ ഇന്ത്യക്കൊപ്പമാണോ അതോ എതിരാണോ എന്ന് ചോദിച്ചാണ്. നിങ്ങളുടെ നിലപാട് വ്യക്തമാക്കാനുള്ള സമയമായിരിക്കുന്നു. നിങ്ങള്‍ ഇന്ത്യക്കെതിരാണെങ്കില്‍ തുറന്നുസംസാരിക്കേണ്ട – അര്‍ണാബ് ഗോസ്വാമി പറഞ്ഞു. അതേസമയം കാശ്മീരിന്റെ ചരിത്രമോ സംസ്‌കാരമോ സംബന്ധിച്ച് അര്‍ണാബിന് ഒരു ചുക്കും അറിയില്ലെന്ന് ഷാ ഫൈസല്‍ തിരിച്ചടിച്ചു. ഇതേ തുടര്‍ന്ന് ക്രുദ്ധനായ അര്‍ണാബ്
ഇന്ത്യ ഗവണ്‍മെന്റ് നിങ്ങളെ യുഎസിലേയ്ക്ക് അയച്ചത് മറക്കരുത് എന്ന് പറഞ്ഞു. എന്നാല്‍ താന്‍ യുഎസില്‍ പോയത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു എന്ന് ഷാ ഫൈസല്‍ പറഞ്ഞു.

നിങ്ങള്‍ അമേരിക്ക, അമേരിക്ക എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു, അമേരിക്ക നിങ്ങള്‍ക്ക് എന്താണ് തന്നത് – അര്‍ണാബ് ചോദിച്ചു. ഫൈസല്‍ അല്ല പ്രശ്‌നമെന്നും അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിഷയമെന്ന് അര്‍ണാബ് പറഞ്ഞു. അര്‍ണാബ്, നിങ്ങള്‍ കാശ്മീരിനെ സംബന്ധിച്ച് ഒരു പ്രശ്‌നമേ അല്ല എന്നായിരുന്നു ഷാ ഫൈസലിന്റെ മറുപടി. കാശ്മീരില്‍ ഇന്ത്യയെന്ന ആശയത്തെ തകര്‍ത്തതില്‍ നിങ്ങള്‍ക്ക് വലിയ പങ്കാണുള്ളത് എന്നും ഷാ ഫൈസല്‍ പറഞ്ഞു.

നിങ്ങള്‍ ഇന്ത്യ വിട്ട് യുഎസിലേയ്‌ക്കോ മറ്റോ പോകൂ എന്ന് അര്‍ണാബ് പറഞ്ഞപ്പോള്‍ ഞാന്‍ ഇവിടെ തന്നെ ജീവിച്ച് നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കാന്‍ പോവുകയാണ് എന്നായിരുന്നു ഷാ ഫൈസലിന്റെ മറുപടി. അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട് ഭീകരാക്രമണത്തിന് സാധ്യതയുണ്ട് എന്ന ഇന്‍ലിജന്‍സ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായിരിക്കുന്ന സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക് ടിവി ചര്‍ച്ച നടത്തിയത്.

This post was last modified on August 3, 2019 2:04 pm

Related Post
Leave a Comment