X

അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ പൊതുമേഖല സ്ഥാപനത്തിന്റെ എംഡിയാക്കി സര്‍ക്കാര്‍; കേസിനെക്കുറിച്ച് അറിയില്ലെന്ന് വ്യവസായ വകുപ്പ്

സിബിഐ കേസ് വിവരം ഫയലില്‍ നിന്ന് ഒഴിവാക്കിയാണ് വ്യവസായ വകുപ്പ് നിയമനം നടത്തിയിരിക്കുന്നത്.

സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ പൊതുമേഖല സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത് വിവാദമാകുന്നു. കശുവണ്ടി വികസ കോര്‍പ്പറേഷനില്‍ നിന്ന് അഴിമതി ആരോപണത്തില്‍ പുറത്താക്കപ്പെട്ട മുന്‍ എംഡി കെഎ രതീഷിനെ കളമശ്ശേരിയിലെ കെഇഐഡിയിലാണ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്) നിയമിച്ചത്. സിബിഐ കേസ് വിവരം ഫയലില്‍ നിന്ന് ഒഴിവാക്കിയാണ് വ്യവസായ വകുപ്പ് നിയമനം നടത്തിയിരിക്കുന്നത്. രതീഷിനെതിരായ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വ്യവസായ വകുപ്പ് പറയുന്നത്.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണമാണ് കെ എ രതീഷിനെതിരെ ഉള്ളത്. കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തത്. രതീഷിനെതിരെ വിജിലന്‍സും അന്വേഷണം തുടങ്ങിയിരുന്നു.

രതീഷിനെ കഴിഞ്ഞ സര്‍ക്കാര്‍ കശുവണ്ടി കോര്‍പ്പറേഷന്‍ എം ഡി സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം കെഐഇഡിയില്‍ നിയമനം നല്‍കിയിരുന്നു. വ്യവസായ മന്ത്രിയായി ഇ പി ജയരാജന്‍ ചുമതലയേറ്റ ശേഷം രതീഷിനെ ഇവിടെ നിന്നും ഒഴിവാക്കി. എന്നാല്‍ പിന്നീട് രതീഷിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കി. എ സി മൊയ്തീന്‍ വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ രതീഷ് വീണ്ടും കളമശ്ശേരിയിലുള്ള കെഐഇഡിയുടെ സിഇഒയായി. വ്യവസായ മന്ത്രിയായി തിരികെയെത്തിയ ഇ പി ജയരാജന്‍ ഈ ഉത്തരവ് മരവിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത് രതീഷ് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിനോട് നടപടി പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്നാണ് രതീഷിന് വീണ്ടും നിയമനം നല്‍കിയത്. നിയമന വകുപ്പിന്റെയും വിജിലന്‍സിന്റെയും റിപ്പോര്‍ട്ടുകള്‍ വാങ്ങിയ ശേഷമാണ് നിയമനമെന്ന് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇളങ്കോവന്‍ പറഞ്ഞു.

This post was last modified on July 7, 2019 10:24 am