X

ഹർത്താലിന് എസ്ഐയുടെ കൈയൊടിച്ചത് പൊലീസ് നിയമനം കാത്തിരുന്നയാൾ; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പിടിയിൽ

ആശ്രിത നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കവെയാണ് അറസ്റ്റ്.

ശബരിമല കർമസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് മലപ്പുറത്തുണ്ടായ അക്രമങ്ങളിൽ പിടിയിലായ പ്രതികളിൽ പൊലീസിൽ നിയമനം കാത്തിരുന്ന യുവാവും. പൊന്നാനിയിൽ എസ്ഐ. കെ. നൗഫലിന്റെ കൈമുട്ട് ഒടിച്ച കേസിൽ പിടിയിലായ പ്രതികളിലൊരാളായ കാഞ്ഞിരമുക്ക് സ്വദേശി നെടുംപുറത്ത് അരുൺകുമാറാണ പോലീസ് നിയനം കാത്തിരുന്നത്. ആശ്രിതനിയമനത്തിനായി നടപടിക്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇയാൾ കേസിൽ പ്രതിയാകുന്നത്. കേസിൽ അരുൺ കുമാർ (22)ന് പുറമെ സുനിൽകുമാർ (39) എന്നിവരെയാണ് പൊന്നാനി സിഐ. സണ്ണി ചാക്കോ അറസ്റ്റുചെയ്തത്. പൊന്നാനി സബ് ജയിലിലാണ് അരുൺകുമാർ ഇപ്പോഴുള്ളത്. ഇയാൾക്കൊപ്പം മറ്റ് അഞ്ചുപേർ കൂടി കേസിൽ റിമാൻഡിലായിട്ടുണ്ട്.

പൊന്നാനി പൊലീസ് സ്റ്റേഷനിൽ‌ ജോലി ചെയ്തിരുന്ന പത്തായിൽ സുന്ദർരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ് അരുൺ കുമാർ. ഇദ്ദേഹം സർവ്വീസിൽ നിന്നും പിരിയാൻ മൂന്നുമാസം ബാക്കിയുള്ളപ്പോൾ മരണമടഞ്ഞിരുന്നു. ആശ്രിതനിയമനം ലഭിക്കാൻ മകനായ അരുൺകുമാറിന് അവകാശമുണ്ട്. ഇയാൾ ജോലിക്കായി അപേക്ഷിച്ചിരുന്നതുമാണ്. അരുൺകുമാറിന് പൊലീസ് ഉദ്യോഗത്തിനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ താഴ്ന്ന ഏതെങ്കിലും തസ്തികയിൽ ജോലി കിട്ടാനാണ് സാധ്യതയുണ്ടായിരുന്നതെന്നും അറിയുന്നു.

ഹർത്താൽ ദിവസം പൊലീസും ഹർത്താലനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഈ ഏറ്റുമുട്ടലിൽ എസ്ഐ നൗഫലിന്റെ കൈയൊടിഞ്ഞു. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അഭിലാഷിന്റെ തലയിൽ പരിക്കേറ്റു. വധശ്രമം, പരിക്കേൽപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങി ജാമ്യം ലഭിക്കാത്ത ഒമ്പത് വകുപ്പുകളാണ് അരുൺ കുമാറിനെതിരെ ചേർത്തിരിക്കുന്നത്. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള അന്വേഷണങ്ങൾ നടന്നു വരുന്നതിനിടയിലാണ് പൊലീസിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അരുൺ കുമാർ പിടിയിലാകുന്നത്.

പൊന്നാനി എവി ഹൈസ്കൂളിനു സമീപം നടന്ന ഏറ്റുമുട്ടലിനിടെ അരുൺകുമാർ പോലീസിനെ ആക്രമിക്കാന്‍ കല്ലെടുക്കുന്നതിന്റെയും വടികൊണ്ട് അക്രമിക്കാനെത്തുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഏഴു പോലീസുകാർക്ക് പരിക്കേറ്റ കല്ലേറിൽ 50 പേർക്കെതിരേയാണ് കേസ്. സുനിൽകുമാറിന് പുറമെ കേസിൽ അറസ്റ്റിലായ സുനിൽ ആർഎസ്എസ്സിന്റെ പൊന്നാനി താലൂക്ക് കാര്യവാഹകാണ്.

സുന്ദർരാജ് മരണപ്പെട്ടപ്പോൾ മലപ്പുറം ജില്ലയിലെ പൊലീസുദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകാൻ മുൻകൈയെടുത്തിരുന്നു.

This post was last modified on January 6, 2019 4:02 pm

Related Post
Leave a Comment