X

‘ഒരു മാധ്യമമൊഴികെ മറ്റെല്ലാവരും കൃത്യമായി സഹകരിച്ചു’; മീഡിയ വണ്ണിനെ പരോക്ഷമായി വിമര്‍ശിച്ച് ആരോഗ്യമന്ത്രി

ഔദ്യോഗികമായി സ്ഥിരീകരണം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു ഈ വാർത്ത ചാനൽ പുറത്ത് വിട്ടത്.

സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ മീഡിയ വൺ ചാനലിനെ പേരെടുത്ത് പറയാതെ വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിറകെ സർക്കാറിനോട് മാധ്യമങ്ങൾ സഹകരിച്ച് പ്രവർത്തിച്ചെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഒരു ചാനൽ സഹകരിച്ചില്ലെന്ന് ആരോഗ്യമന്ത്രി പരാമർശിച്ചത്. സർക്കാരിനോട് സഹകരിച്ച് പ്രവർത്തിച്ച മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും മന്ത്രി അറിയിച്ചു.

എറണാകുളത്ത് ചികിൽസയിലിരിക്കുന്ന വിദ്യാർത്ഥിക്ക് നിപ ബാധ സംശയിക്കുന്നെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് വീണ്ടും നിപ ബാധ എന്ന പേരിൽ മീഡിയ വൺ വാർത്ത നൽകിയത്. ഔദ്യോഗികമായി സ്ഥിരീകരണം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു ഈ വാർത്ത ചാനൽ പുറത്ത് വിട്ടത്. സാമൂഹിക മധ്യമങ്ങളിൽ ഉള്‍പ്പെടെ വൻ പ്രചാരമായിരുന്നു ഇതിന് ലഭിച്ചത്. ചാനലിന്റെ സ്ക്രീൻ ഷോട്ട് ഉൾപെടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രൂക്ഷ വിമർശനം ഉന്നയിച്ച് ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

നിപ ബാധ സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്ത സമയത്ത് ചില വൈദ്യൻമാരും പ്രകൃതി ചികിൽസകരും ഉൾപ്പെ വവ്വാല്‍ കടിച്ച മാങ്ങയുൾപ്പെടെ കഴിച്ച് കൊണ്ട് നടത്തിയ പ്രചാരങ്ങളെ കുറിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം സാഹചര്യങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.

നിപ: നിരീക്ഷണത്തിലുള്ള 86 പേരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്; നിർദേശവുമായി ആരോഗ്യവകുപ്പ്

 

This post was last modified on June 4, 2019 12:49 pm