X

മുന്‍കരുതല്‍; ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; ജനങ്ങളെ അറിയിക്കുന്നതില്‍ വീഴ്ചയെന്ന് എംഎല്‍എ

സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്.

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നില്‍കണ്ട് ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് വീണ്ടും തുറന്നു. രാവിലെ 11.05 ഓടെയായിരുന്നു അഞ്ച് ഷട്ടറുകളില്‍ ഒന്ന് തുറന്നുവിട്ടത്. നിലവില്‍ സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലെ ഷട്ടറാണ് തുറന്നിട്ടുള്ളത്. ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രാവിലെ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്.

ഡാം തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചെറുതോണി പുഴ, പെരിയാര്‍ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം, ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തെത്തി. ഷട്ടര്‍ തുറന്നത് മതയായ അറിയിപ്പ് നല്‍കാതെയാണന്നായിരുന്നു എംഎല്‍എയുടെ ആരോപണം. വിവരം ജനങ്ങളെ അറിയിക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചത്്. മുന്നറിയിപ്പ് നല്‍കി 12 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാന്‍ പാടുണ്ടായിരുന്നെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക് തുറക്കുമെന്ന വിവരം പ്രദേശവാസികള്‍ പലരും അറിഞ്ഞിട്ടില്ല. അനൗണ്‍സ്‌മെന്റ് നടത്തുന്നതില്‍ ഗുരുതരവീഴ്ചയെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

കല്ലാര്‍കുട്ടി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് 90 ക്യൂമെക്‌സ് വരെ ജലം മുതിരപ്പുഴയിലൂടെ പാംബ്ല ജലസംഭരണിയിലേക്ക് ഒഴുക്കിവിടും. ശനിയാഴ്ച രാവിലെ 10 മുതല്‍ നടപടി ആരംഭിക്കുമെന്നും മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. തുടര്‍ന്ന് പാംബ്ല ജലസംഭരണിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിനായി ലോവര്‍ പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് 150 ക്യുമെക്‌സ് വരെ ജലം പെരിയാറിലേക്ക് തുറന്നു വിടും. പെരിയാറിന്റെ കരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിക്കുന്നു.

ഇന്നുമുതല്‍ അതി തീവ്രമഴ; ചെറുതോണിയുടെ ഒരുഷട്ടര്‍ 11 മണിയോടെ തുറക്കും, സംസ്ഥാനത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

This post was last modified on October 6, 2018 4:03 pm