X

മോദിയുടെ വലിയ വിജയം പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുമെന്ന് കരുതുന്നു, ചർച്ചകൾക്ക് സന്നദ്ധമാണെന്ന് ഇമ്രാന്‍ ഖാൻ

ഇന്ത്യയുമായുള്ള പാകിസ്താന്റെ ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ് എന്നായിരുന്നു ബിഷ്‌കേക്കില്‍ എത്തുന്നതിന് തൊട്ടുമുമ്പ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്‌നിക്കിനോട് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചര്‍ച്ചകൾക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന്‍ പ്രതികരിച്ചതായി റിപ്പോർട്ട്. പാകിസ്താന് സമാധാനമാണ് ആവശ്യം, ഇതിന് മോദിയുമായി രാജ്യാന്തര മധ്യ ചർച്ചകൾക്ക് സന്നദ്ധമാണെന്നും ഇമ്രാൻ ഖാൻ പറയുന്നു. കശ്മീർ ഉൾ‌പ്പെടെയുള്ള വിഷയത്തിൽ ഇത്തരത്തിൽ പരിഹാരം കാണാനാവുമെന്ന് കരുതുന്നു. ബിഷ്‌കേക്കില്‍ റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുമായുള്ള പാകിസ്താന്റെ ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ് എന്നായിരുന്നു ബിഷ്‌കേക്കില്‍ എത്തുന്നതിന് തൊട്ടുമുമ്പ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്‌നിക്കിനോട് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. വലിയ വിജയം നേടി രണ്ടാമതും അധികാരത്തിലെത്തിയ മോദി കാശ്മീര്‍ അടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

അതേസമയം, കിര്‍ഗിസ്താനിലെ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍) ഉച്ചകോടിക്കിടെ ഒരു മേശയ്ക്ക് ഇരു വശവും ഇരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഒന്നും പരസ്പരം സംസാരിച്ചില്ല. ബിഷ്‌കേക്കിലെ ഫ്രൂന്‍സ് ഹോട്ടലിലെ അത്താഴവിരുന്നിലാണ് ഇരു നേതാക്കളും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമായി ഇരുന്നത്. പരസ്പരം അഭിവാദ്യം ചെയ്തില്ല. ഇരുവരും കണ്ടതായി ഭാവിച്ചതുമില്ല – വാര്‍ത്താ സ്രോതസിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അത്താഴവിരുന്നിന് ശേഷം കിര്‍ഗിസ് നാഷണല്‍ ഫില്‍ഹാര്‍മണിക്കില്‍ ഗാല കണ്‍ട്ടിന് ഇരുവരും മുന്‍ നിരയില്‍ ഇരുന്നെങ്കിലും ഇവരുടെ ഇടയില്‍ മറ്റ് ഏഴ് രാജ്യനേതാക്കള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാൻ ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ 2017 ജൂണില്‍ കസാഖ്‌സ്താനിലെ അസ്താനയില്‍ നടന്ന എസ് സി ഒ ഉച്ചകോടിക്കിടെ മോദി, അന്നത്തെ പാക് പ്രധാമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓപ്പറ ഹൗസിലെ ലോഞ്ചിലായിരുന്നു കൂടിക്കാഴ്ച.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരത ദേശീയ നയമായി സ്വീകരിച്ചിരിക്കുകയാണ് പാകിസ്താന്‍ എന്നും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ല എന്നുമാണ് ഇന്ത്യയുടെ നിലപാട്. നേരത്തെ തിരഞ്ഞെടുപ്പ് വിജയിച്ച് അധികാര തുടര്‍ച്ച നേടിയ മോദിയെ മോദിയെ ഫോണില്‍ അഭിനന്ദിച്ച ഇമ്രാന്‍ ഖാന്‍ വീണ്ടും ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കുള്ള താല്‍പര്യം അറിയിച്ചിരുന്നു.

ശമ്പളവുമില്ല, കുടിശികയുമില്ല, സമരം ചെയ്‌താല്‍ പോലീസ് ഭീഷണിയും; എറണാകുളം പിവിഎസ് ആശുപത്രിയിലെ ‘മാലാഖ’മാരുടെ അവസ്ഥ ഇങ്ങനെ

 

This post was last modified on June 14, 2019 9:50 am