X

നാസില്‍ അബ്ദുള്ളയ്ക്ക് ഞാന്‍ പണമൊന്നും കൊടുക്കാനില്ല: തുഷാര്‍ വെള്ളാപ്പള്ളി

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി.

നാസില്‍ അബ്ദുള്ളയ്ക്ക് പണമൊന്നും കൊടുക്കാനില്ല എന്ന് യുഎഇയില്‍ ചെക്ക് തട്ടിപ്പ് കേസില്‍ ജയിലിലാവുകയും ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്ത ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ചെക്കില്‍ ഒപ്പിട്ടത് ഞാനാണ് പിന്നില്‍ ആരാണ് ഒപ്പിട്ടത് എന്നറിയില്ല. പ്രശ്‌നം അവസാനിപ്പിച്ചതിന് ശേഷമേ നാട്ടിലേക്ക് മടങ്ങൂ. നാസിലുമായി നേരിട്ട് ചര്‍ച്ചകളൊന്നും നടത്തുന്നില്ല എന്നും തുഷാര്‍ പറഞ്ഞു – ഏഷ്യാനെറ്റ് ന്യൂസിനോടാണ് തുഷാര്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം മധ്യസ്ഥ ചര്‍ച്ച നടക്കുന്നുണ്ട് എന്ന് നാസില്‍ അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുഷാറിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത് ശരിയായില്ല എന്നും നാസില്‍ അബ്ദുള്ള പറഞ്ഞു. ന്യൂസ് അവറിലാണ് ഇരുവരുടേയും പ്രതികരണം. അതിനിടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് തന്റെ പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങാനാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ശ്രമം.

കേസിലെ വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിന് ജാമ്യം അനുവദിച്ചത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. വ്യവസായി എംഎ യൂസഫലിയാണ് തുഷാറിനെ സഹായിച്ചത്.

This post was last modified on August 27, 2019 10:34 pm