X

ധോണിയുടെ ‘പട്ടാള ഗ്ലൗസ്’ അനുവദിക്കാനാവില്ലെന്ന് ഐസിസി; ധോണിക്ക് പിന്തുണയുമായി ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍

സോഷ്യല്‍മീഡിയയില്‍ ധോണിക്ക് പിന്തുണയുമായി #DhoniKeepTheGlove ഹാഷ് ടാഗ് ട്രെന്‍ഡിംഗായി മാറിയിരിക്കുന്നു.

ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ ഗ്ലൗസ് വിവാദമായിരിക്കെ, ‘ബലിദാന്‍ ബാഡ്ജ്’ ഉള്ള ഗ്ലൗസ് ഉപയോഗിക്കാന്‍ ധോണിയെ അനുവദിക്കണം എന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. വ്യക്തിപരമായ സന്ദേശങ്ങളോ ലോഗോകളോ ഇത്തരത്തില്‍ അനുവദിക്കാനാവില്ല എന്നാണ് ഐസിസി ചട്ടങ്ങള്‍ വ്യക്തമാക്കുന്നത് എന്ന് സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് സംബന്ധിച്ച ചട്ടങ്ങള്‍ക്കും വിരുദ്ധമാണിത്. ആം ബാന്‍ഡുകളിലടക്കം ഇത്തരം സന്ദേശങ്ങള്‍ വയ്ക്കരുത് എന്നാണ് ഐസിസി ചട്ടം. അല്ലെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം – ഐസിസി പറയുന്നു. ധോണിയോട് ഗ്ലൗസില്‍ നിന്ന് ഐക്യദാര്‍ഢ്യ ചിഹ്നം നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച ഐസിസി ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. അതേസമയം ധോണിയുടെ ഗ്ലൗസിനെ ദേശീയ മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. കേന്ദ്ര മന്ത്രിമാരടക്കമുള്ളവര്‍ ധോണിക്ക് പിന്തുണയുമായി രംഗത്തെത്തി.

ഇതൊരു പ്രശ്‌നമേ അല്ലെന്നും ഇത് വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് ബിസിസിഐ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സിഒഎ) ചെയര്‍മാന്‍ വിനോദ് റായ് പറഞ്ഞത്. ലോകകപ്പില്‍ നോണ്‍ കൊമേഴ്‌സ്യല്‍ ലോഗോ ഉപയോഗിക്കുന്നതിനടക്കം ഐസിസിയുടെ അനുമതി മുന്‍കൂറായി തേടേണ്ടതുണ്ട് എന്ന് ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ധോണി ഇത്തരത്തില്‍ യാതൊരു അനുമതിയും തേടിയിട്ടില്ല.

സോഷ്യല്‍മീഡിയയില്‍ ധോണിക്ക് പിന്തുണയുമായി #DhoniKeepTheGlove ഹാഷ് ടാഗ് ട്രെന്‍ഡിംഗായി മാറിയിരിക്കുന്നു. ആരാധകര്‍, ക്രിക്കറ്റ് താരങ്ങള്‍, മറ്റ് സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍, സൈനികര്‍ തുടങ്ങിയവരെല്ലാം ധോണിക്ക് പിന്തുണയുമായി രംഗത്തുണ്ട്. ധോണിയുടെ ഗ്ലൗസ് രാജ്യസ്‌നേഹ പ്രവര്‍ത്തനമായി കാണണമെന്നും ദേശീയവാദമായി കാണരുത് എന്നും ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അഭിപ്രായപ്പെട്ടു. കളിക്കളത്തില്‍ രാജ്യത്തിനായി സമര്‍പ്പിക്കുന്ന ഞങ്ങളുടെ ദേശാഭിമാന പ്രകടനമാണ് ധോണി നടത്തിയത് – റെയ്‌ന പറഞ്ഞു.

പ്രശ്‌നത്തില്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ഇടപെടണം എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കായിക മന്ത്രിയുമായ അജയ് മാക്കന്‍ രംഗത്തെത്തി. ധോണിയെ ഗ്ലൗസ് ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാണ് മാക്കന്റെ ആവശ്യം. രാഷ്ട്രീയ, മത, വംശീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സന്ദേശങ്ങള്‍ ഐസിസി ചട്ടങ്ങള്‍ വിലക്കുന്നത്. എന്നും ധോണിയുടെ ഗ്ലൗസ് ഐസിസി ചട്ടങ്ങള്‍ ലംഘിക്കുന്നില്ല എന്നുമാണ് അജയ് മാക്കന്റെ വാദം. കായിക സംഘടനകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ല എന്നും അതേസമയം രാജ്യത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണെങ്കില്‍ രാജ്യതാല്‍പര്യം നോക്കിയേ തീരൂ എന്നും കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. ധോണിയുടെ ഗ്ലൗസ് വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ ബിസിസിഐ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കേന്ദ്ര മന്ത്രി പറയുന്നു.

This post was last modified on June 8, 2019 7:10 am