X

“ഫന്റാസ്റ്റിക് പീപ്പിള്‍” – മോദിയും ഇമ്രാന്‍ ഖാനും ഗംഭീര കക്ഷികളെന്ന് ട്രംപ്; “കാശ്മീരില്‍ ഞാന്‍ മധ്യസ്ഥനാകണോ എന്ന് ഇനി പറയേണ്ടത് മോദി”

പാകിസ്താന്‍ ഞങ്ങളുടെ ഓഫര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇനി മോദിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് - മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ട്രംപ് പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നത്തില്‍ താന്‍ മധ്യസ്ഥനാകണോ എന്ന് ഇന്ത്യയും പാകിസ്താനുമാണ് തീരുമാനിക്കേണ്ടത് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയേയും ഇമ്രാന്‍ ഖാനേയും ട്രംപ് പുകഴ്ത്തുകയും ചെയ്തു. ഫന്റാസ്റ്റിക് പീപ്പിള്‍ എന്നാണ് മോദിയേയും ഇമ്രാന്‍ ഖാനേയും ട്രംപ് വിശേഷിപ്പിച്ചത്. പാകിസ്താന്‍ ഞങ്ങളുടെ ഓഫര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇനി മോദിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് – മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

അവര്‍ ഗംഭീര കക്ഷികളാണ്. അവര്‍ക്ക് ഇത് പരിഹരിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ആരുടെയങ്കിലും സഹായം വേണമെന്നുണ്ടെങ്കില്‍ അത് നല്‍കാം. ഞാന്‍ ഇന്ത്യയോടും പാകിസ്താനോടും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട് – ട്രംപ് പറഞ്ഞു.

കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട്, കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് മോദി തന്നോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നു ഇരു കൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ ഇടപെടാന്‍ യുഎസിന് സന്തോഷമേ ഉള്ളൂ എന്നും ട്രംപ് പറഞ്ഞിരുന്നു.
ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ നടത്തിയ ചര്‍ച്ചയില്‍ മോദി തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടു എന്നാണ് ട്രംപ് പറഞ്ഞത്.

ഇന്ത്യയുടെ പ്രഖ്യാപിത കാശ്മീര്‍ നയത്തിന് വിരുദ്ധമായ കാര്യം മോദി പറഞ്ഞു എന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഇത് ആയുധമാക്കുകയും ചെയ്തു. അതേസമയം ട്രംപിനോട് മോദി ഇത്തരമൊരു കാര്യം സംസാരിച്ചിട്ടേയില്ല എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യയും പാകിസ്താനുമല്ലാതെ മൂന്നാം കക്ഷി വേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്. മോദി ഇത്തരമൊരു കാര്യമേ ട്രംപുമായി സംസാരിച്ചിട്ടില്ല എന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്.

ALSO READ: സമുദ്ര ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണി മലയാളിയുടെ ഗവേഷണ വലയില്‍

This post was last modified on August 2, 2019 10:28 am

Related Post
Leave a Comment