X

മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധം; ഐഎംഎയുടെ രാജ്യവ്യാപക ഒപി ബഹിഷ്‌കരണ സമരം ആരംഭിച്ചു

ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു നടത്തുന്ന സമരം രാജ്യത്തെ ചികില്‍സാ മേഖലയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.

മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയത ഡോക്ടര്‍മാരുടെ രാജ്യവ്യാപക ഒ പി ബഹിഷ്‌കരണ സമരം ആരംഭിച്ചു. സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്ന ബില്ല് ആരോഗ്യമേഖലയെ തകര്‍ക്കുമെന്ന് ആരോപിച്ചാണ് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഐഎംഎയുടെ പ്രതിഷേധ സമരം. ബില്ല് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ പരിഗണയ്ക്ക് വരാനിരിക്കെയാണ് നടപടി.

ബഹിഷ്‌കരണത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ എല്ലാ ഡോക്ടര്‍മാരും പങ്കെടുക്കുമെന്നും സംഘടന അറിയിച്ചു. എന്നാല്‍ അത്യാഹിത വിഭാഗത്തെ ബാധിക്കാത്ത തരത്തിലായിരിക്കും സമരമെന്നും ഐഎംഎ നേതാകള്‍ പറയുന്നു.
പുതിയ ബില്ലിനോടുള്ള പ്രതിഷേധ സൂചകമായി അത്യാഹിതമല്ലാത്ത വിഭാഗങ്ങളിലെ സേവനം 12 മണിക്കൂര്‍ അവസാനിപ്പിക്കുകയാണ്” ഐഎംഎ പ്രസിഡന്റ് രവി വാഖേഡ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്നത്തെ ദിവസം കരി ദിനമായി ആചരിക്കാനും ഐഎംഎ വെബ്‌സൈറ്റ് ആഹ്വാനം ചെയ്യുന്നു.

അതേസമയം,  ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു നടത്തുന്ന സമരം രാജ്യത്തെ ചികില്‍സാ മേഖലയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, അരോഗ്യ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

This post was last modified on July 28, 2018 11:24 am