X

ശ്രീലങ്കൻ സ്ഫോടനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നു; ഇന്ത്യൻ മാധ്യമങ്ങൾക്കും നേതാക്കൾക്കുമെതിരെ വ്യാപക പ്രതിഷേധം

ഇന്ത്യൻ മാധ്യമങ്ങളും, അന്താരാഷ്ട്രമാധ്യമങ്ങളും അഭ്യൂഹങ്ങൾ നൽകുകയായിരുന്നു.

ഈസ്റ്റർ ദിനത്തില്‍ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഉൾപ്പെടെ ഉണ്ടായ സ്ഫോടനങ്ങൾക്ക് ശേഷം ഇന്ത്യൻ മാധ്യമങ്ങൾ സ്വീകരിച്ച നിലപാടിനെതിരെ വ്യാപക വിമർശനം. ഇന്ത്യൻ മാധ്യമങ്ങളും നേതാക്കളും വിഷയം രാഷ്ട്രീയ വത്കരിക്കുന്നെന്നാണ് പ്രധാന ആരോപണം. സാമുഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനങ്ങളാണ് വിവിധ തലങ്ങളിലുള്ളവർ ഉയർത്തുന്നത്. പ്രധാനമന്ത്രി സ്ഫോടനങ്ങളെ തിരഞ്ഞെടുപ്പ് വിഷയമാക്കുകയാണെന്നും വിമർശനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി ദി ക്വിന്റ് റിപ്പോർട്ട് പറയുന്നു.

സ്ഫോടനം നടന്നതിന് പിറകെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം റാലികളിൽ ഉൾപ്പെടെ ഉന്നയിച്ചത് രാഷ്ട്രീയ അവസരവാദമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു കഴിഞ്ഞ ദിവസം മോദിയുടെ പരാമര്‍ശം. ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളിൽ അപലപിച്ചതിന് പിറകെയായിരുന്നു ഇത്. ‘തീവ്രവാദത്തിനെതിരായ പോരാട്ടങ്ങൾ ശക്തമാക്കാൻ വോട്ടർമാർ താമരയ്ക്ക് നേരെയുള്ള ബട്ടൺ അമർത്തണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾ തീവ്രവാദത്തിനെതിരായ പോരാട്ടം കൂടിയാണ് ശക്തമാക്കുന്നത്’, ഇത്തരത്തിലായിരുന്നു മോദിയുടെ അവകാശവാദം.

ഇതിന് പുറമേയാണ് ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ. സ്ഫോടനം നടന്ന് 24 മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് ശ്രീലങ്കൻ അധികൃതർ ആക്രമണത്തിന് പിന്നിൽ തൗഹീദ് ജമാഅത്ത് ആണെന്ന പ്രതികരിക്കുന്നത്. എന്നാൽ സ്പോടനങ്ങൾ നടന്നതിന് പിറകെ തന്നെ ഇന്ത്യൻമാധ്യമങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചത് ജിഹാദി ഗ്രൂപ്പുകൾ ഉൾപ്പെടെയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്നും ഇന്ത്യൻ മാധ്യമങ്ങളും, അന്താരാഷ്ട്രമാധ്യമങ്ങളും അഭ്യൂഹങ്ങൾ നൽകുകയായിരുന്നു.

എന്നാൽ ഇതിനെതിരെ ശ്രീലങ്കൻ മാധ്യമങ്ങളിൽ ഉൾ‌പ്പെടെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നെന്നും മാധ്യമ പ്രവർത്തകയായ ശ്രേയ ദൗധിയൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ മാധ്യമങ്ങളെ വിശ്വസിക്കരുതെന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ, 290 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആക്രണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കൻ പ്രസിഡന്റിന്റെ വാർത്താ വിനിമയ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ ആവിഷ്കാര സ്വാതന്ത്രത്തിന് നിയന്ത്രണങ്ങളില്ലെന്നും വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥ തിങ്കളാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരുമെന്നും അറിയിപ്പ് പറയുന്നു. രാജ്യത്ത് നിലവിൽ നിലവിൽ തുടരുന്ന കർഫ്യു ഇന്ന് രാത്രി 8.00 മണിവരെ തുടരും. ശ്രീലങ്കയിൽ ആക്രമണം നടന്നതിന് പിറകെ ആയിരിന്നു കർഫ്യൂ പ്രഖ്യാപിച്ചത്. കർഫ്യൂ മൂലം കൊളംബോയിലെ ഗതാഗത സംവിധാനങ്ങളെല്ലാം മന്ദഗതിയിലായിരുന്നു. അതേസമയം, ആക്രമണങ്ങളിൽ ഇതുവരെ 24 പേർ അറസ്റ്റിലായിട്ടുണ്ട്.

This post was last modified on April 23, 2019 6:49 am

Related Post
Leave a Comment