X

ഭാഷാ വൈവിധ്യം രാജ്യത്തിന്റെ ദൗർബല്യമല്ല: രാഹുൽ ഗാന്ധി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉയർത്തിവിട്ട ഭാഷാ വിവാദത്തിൽ പ്രതികരണവുമായി മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഇന്ത്യയിലെ ഭാഷാ വൈവിധ്യം ദൗർബല്യമല്ലെന്ന ഒറ്റവരിയിലാണ് രാഹുൽ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഇതിന് പുറമെ രാജ്യത്തെ ഹിന്ദി ഒഴികെയുള്ള മറ്റ് ഭാഷകളുടെ പേരും അദ്ദേഹം ട്വീറ്റിൽ ചേർക്കുന്നു. ഇന്ത്യയുടെ പതാകയ്ക്ക് സമാനമായ ഐക്കൺ ഉപയോഗിച്ചേ കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹിന്ദി വിവാദത്തിൽ പ്രതികരണവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. നേരത്തെ കർണാകടയിലെ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ യദ്യൂരപ്പയും ഹിന്ദി വാദത്തെതള്ളി രംഗത്തെത്തിയിരുന്നു.

കർണാടകത്തെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷയെന്ന് പറഞ്ഞ അദ്ദേഹം, ഒരിക്കലും അതിന്റെ പ്രാധാന്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും വ്യകതമാക്കുന്നു. ‘നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും, കർണാടകത്തെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷ. ഞങ്ങൾ ഒരിക്കലും അതിന്റെ പ്രാധാന്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല, കന്നഡ ഭാഷയെയും സംസ്ഥാനത്തിന്റെ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്’. എന്നായിരുന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ദക്ഷിണേന്ത്യയിലെ ഏക ബിജെപി മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാൽ രൂക്ഷമായി പ്രതികരണമായിരുന്നു നടനും തമിഴ്നാട്ടിലെ മക്കൾ നീതിമയ്യം പാര്‍ട്ടി മേധാവിയുമായ കമൽഹാസൻ നടത്തിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കമല്‍ഹാസൻ ഹിന്ദിവാദത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കമല്‍ഹാസന്‍ മുന്നറിയിപ്പ് നൽകി.

 

 

This post was last modified on September 16, 2019 7:57 pm