X

നെടുങ്കണ്ടം കസ്റ്റഡി മരണം: ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

രാജ്‍കുമാറിന്റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാര്‍ പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ ജയില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം. പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്താനാണ് ജയിൽ വകുപ്പ് ഡി ജി പി ഋഷിരാജ് സിങിന്റെ ഉത്തരവെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു. ജയിൽവകുപ്പ് ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കമെന്നും ഡിജിപി നിർദേശിച്ചു.

കസ്റ്റഡി മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പോലിസ് കസ്റ്റഡിക്ക് പുറമെ ജയിലിലും രാജ്കുമാറിന് മർദനം എറ്റിരുന്നെന്നും, മതിയായ ചികിൽസ നൽകിയില്ലെന്നുമുള്ള ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഡിജിപിയുടെ നടപടി. നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. രാജ്‍കുമാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പോസ്‍റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക മുറിവുകള്‍ മൂര്‍ച്ഛിച്ചുണ്ടായ ന്യുമോണിയയാണ് രാജ്കുമാറിന്‍റെ മരണകാരണം എന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതിനിടെ, റിമാന്‍ഡിലിരിക്കേ മരിച്ച പ്രതി രാജ്‍കുമാറിന്റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്‌ , മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ ഉടൻ ഹാജരാക്കണമെന്നാണ് നിർദേശം. രാജ്‍കുമാറിന്‍റെ മരണകാരണം സംബന്ധിച്ച പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനികിന്റെ നടപടി. വിഷയം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞയാഴ്ച മനുഷ്യാവകാശ കമ്മീഷന്‍ നിർദ്ദേശം നൽകിയിരുന്നു. രാജ്‍കുമാറിന്‍റെ ഭാര്യ എം വിജയ അധ്യക്ഷനെ കണ്ട് പരാതി നല്‍കിയതും ഇടപെടലിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ക്യാമ്പ് ഓഫീസ് തുറന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവിടെ നാട്ടുകാർക്ക് അന്വേഷണ സംഘത്തിന് കൈമാറാം. സാമ്പത്തിക തട്ടിപ്പിലെ പരാതികളും സമര്‍പ്പിക്കാവുന്നതാണ്.

This post was last modified on July 10, 2019 11:40 am