X

കോഴിക്കോട് കരിന്തിരപുഴയടക്കം പ്രധാന പുഴകള്‍ കരകവിഞ്ഞു; ഒറ്റപ്പെട്ടുപോയ പശുക്കടവ് നിവാസികളെ മാറ്റിപാര്‍പ്പിക്കുന്നു

വിവിധ കുടുംബങ്ങളില്‍ നിന്നും ഇരുപതോളം പേരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് കരിന്തിരപുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപത്തുള്ള പശുക്കടവ് കോളനിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടിയതായും സംശയമുണ്ട്. പുഴ കരകവിഞ്ഞതിനെ തുടര്‍ന്നാണ് പശുക്കടവ് കോളനി ഒറ്റപ്പെട്ടത്. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതാണ് പ്രദേശം ഒറ്റപ്പെടാന്‍ കാരണം എന്നാണ് കരുതപ്പെടുന്നത്.

പശുക്കടവ് കോളനിക്കാരെ പ്രദേശത്തു നിന്നും മാറ്റി. വിവിധ കുടുംബങ്ങളില്‍ നിന്നും ഇരുപതോളം പേരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്. ശക്തമായ ഒഴുക്കുള്ള പുഴയ്ക്കു കുറുകെ വടം കെട്ടിയാണ് പശുക്കടവ് നിവാസികളെ രക്ഷപ്പെടുത്തിയത്.

കാലവര്‍ഷം ശക്തി പ്രാപിച്ച സാഹര്യത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രം (ഡിഇഒസി)സജ്ജമാണെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തിലെ സാറ്റലൈറ്റ് ഫോണിലേക്ക് സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തില്‍നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഫോണ്‍ വിളിക്കുകയും ഫോണ്‍ ബന്ധവും മറ്റും പ്രവര്‍ത്തനക്ഷമമാണെന്നുറപ്പു വരുത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ മൊബൈല്‍- ടെലഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതു മറികടക്കാനാണ് എല്ലാ ജില്ലകള്‍ക്കും സാറ്റലൈറ്റ് ഫോണ്‍ അനുവദിച്ചത്.

കേന്ദ്രത്തില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. കൂടാതെ ഹസാര്‍ഡ് അനലിസ്റ്റ്, യുഎന്‍ഡിപി ജില്ലാ പ്രോജക്ട് ഓഫീസര്‍, സ്പിയര്‍ ഇന്ത്യ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍, കമ്മ്യൂണിറ്റി മൊബിലൈസര്‍ എന്നീ പദവികളിലുള്ള ഉദ്യോഗസ്ഥരുടെ സേവനവുമുണ്ട്. അടിയന്തരഘട്ടങ്ങളില്‍ 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിവരമറിയിക്കാം. കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പര്‍ 04842423513

Read More : ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

This post was last modified on August 14, 2019 1:51 pm