X

ശബരിമലയ്ക്കായി നിയമ നിര്‍മ്മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ നിയമ നിര്‍മ്മാണം നടത്തും. സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.

ശബരിമല ക്ഷേത്രത്തിനായി പ്രത്യേക നിയമം നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ നിയമ നിര്‍മ്മാണം നടത്തും. സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത് എന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് പറയുന്നു.

ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം നിഷേധിച്ചിരുന്ന, 1965ലെ കേരള ഹിന്ദു പബ്ലിക് വര്‍ഷിപ്പ് (ഓതറൈസേഷന്‍ ഓഫ് എന്‍ട്രി) റൂള്‍സ് റദ്ദാക്കിയാണ് സ്ത്രീ പ്രവേശനം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അനുവദിച്ചത്. ഇതിനെതിരായ പുന:പരിശോധന ഹര്‍ജികളില്‍ വിധി പ്രസ്താവിക്കുന്നത് ഫെബ്രുവരി ആറിന് കോടതി മാറ്റിവച്ചിരിക്കുന്നു.

2018 സെപ്റ്റംബര്‍ 28ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന നിലപാടുള്ളവര്‍ വലിയ പ്രക്ഷോഭമാണ് സര്‍ക്കാരിനെതിരെ അഴിച്ചുവിട്ടത്.

അതേസമയം പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന നിലപാടില്‍ മാറ്റമുള്ളതായി സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല. യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത് സുപ്രീം കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ നിയമം നിര്‍മ്മിക്കണം എന്നാണ്. മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനും ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണത്തിന് അവകാശമുണ്ട്. എന്നാല്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനോ നിയമം നിര്‍മ്മിക്കാനോ ഉദ്ദശിക്കുന്നില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

This post was last modified on September 6, 2019 8:15 pm