X

മൂന്നാറിലെ അനധികൃത നിർമാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എസ് രാജേന്ദ്രൻ എംഎൽഎക്ക് തിരിച്ചടി

എം.വൈ. ഔസേഫ് എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നടപടി.

മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. കണ്ണൻദേവൻ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനെടുത്ത് മൂന്നാർ പഞ്ചായത്ത് നടത്തിവരുനെന നിർമാണ പ്രവർത്തനങ്ങളാണ് ഹൈക്കോടതി തടഞ്ഞത്.
എം.വൈ. ഔസേഫ് എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. പഞ്ചായത്തിന്റെ അനധികൃത നിർമാണത്തിനെതിരെ നിലപാടെടുത്ത ദേവികുളം സബ്കലക്ടർ ഡോ. രേണു രാജിനെതിരെ പ്രദേശത്തെ എംഎൽഎയായ എസ് രാജേന്ദ്രൻ രംഗത്തെത്തിയത് വൻ വിവാദമായതിന് പിറകെയാണ് കോടതി ഉത്തരവ്. എന്നാൽ ഹൈക്കോടതി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് എസ് രാജേന്ദ്രന്റെ മാധ്യമങ്ങളോട് പ്രതികരിച്ചു.

തോട്ട നിയമ പരിധിയിൽ വരുന്ന ഭൂമിയിൽ നിർമാണം നടത്താൻ അനുമതിയില്ലെന്നുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്തിന്റെ നിർമാണ പ്രവർ‌ത്തികൾ കോടതി സ്റ്റേ ചെയ്തത്. ഈ വിവരം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഈ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി ആവശ്യമില്ല എന്ന നിലപാടിലാണ് പഞ്ചായത്ത് നിർമാണം നടത്തിവന്നിരുന്നത്.

അതിനിടെ മൂന്നാറിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ തടയണമെന്നാവശ്യപ്പെട്ടും അവിടെ നടക്കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അനധികൃത നിർമാണത്തിനെതിരെയുള്ള ദേവികുളം സബ് കലക്ടർ ഡോ. രേണു രാജിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി. റിപ്പോർട്ടിന്റെ കോപ്പിയും സർക്കാർ ഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എംഎൽഎ എസ്. രാജേന്ദ്രൻ ഉൾപ്പടെയുള്ളവരെ എതിർ കക്ഷികളാക്കിയാണ് സർക്കാർ ഹർജി. എംഎൽഎയ്ക്കു പുറമേ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ കോൺട്രാക്ടർ എന്നിവരും കേസിൽ എതിർ കക്ഷികളാണ്.

 

This post was last modified on February 13, 2019 5:11 pm

Related Post
Leave a Comment