X

377ാം വകുപ്പ് പ്രകാരം കേസ്; കേരളം നമ്പര്‍ 2 ആണ്

യുപിയില്‍ 999 കേസുകള്‍ സെക്ഷന്‍ 377 കീഴില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 207 കേസുകളായിരുന്നു കേരളത്തില്‍ ചുമത്തിയത്.

പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ ലൈംഗികത ഉള്‍പ്പെടെ കുറ്റകരമല്ലെന്ന് വ്യക്തമാക്കിയും ഇന്ത്യന്‍ശിക്ഷാ നിയമത്തില്‍ 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിക്കൊണ്ടുള്ള സുപ്രിം കോടതി കഴിഞ്ഞ ദിവസം സുപ്രധാന ഉത്തരവ് ഇറക്കിയിരിക്കുന്നു. എന്നാല്‍ 377 വകുപ്പ് കുറ്റകരമായിരിക്കുന്ന സമയത്ത് രാജ്യത്ത് കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ2016 ലെ കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശിന് പിന്നില്‍ രണ്ടാമതായിരുന്നു കേരളം.

ഇക്കാലളവില്‍ യുപിയില്‍ 999 കേസുകള്‍ സെക്ഷന്‍ 377 കീഴില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 207 കേസുകളായിരുന്നു കേരളത്തില്‍ ചുമത്തിയത്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക (8), ആന്ധ്രപ്രദേശ് (7), തെലങ്കാന (11) എന്നിങ്ങനെയാണ് കണക്കുകള്‍. തമിഴ്‌നാട്ടില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പറയുമ്പോഴാണ് കേരളാ പോലീസിന് സ്വവര്‍ഗ ലൈംഗികത ഉള്‍പ്പെടെ പറയുന്ന 377 ാം വകുപ്പിന്റെ പ്രയോഗത്തിലുള്ള വ്യത്യാസം വ്യക്തമാവുന്നത്.

എന്നാല്‍ ജനസംഖ്യാ അനുപാതത്തില്‍ ഇക്കണക്ക് പരിശോധിക്കുമ്പോള്‍ കേരളത്തിലാണ് കേസുകള്‍ കൂടുതലെന്ന്‌ പറയേണ്ടിവരും. ഇതുപ്രകാരം കേരളത്തില്‍ 0.6 നിരക്ക് രേഖപ്പെടുത്തുമ്പോള്‍ യുപിയില്‍ 0.5 ,  182 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹിയുടെ തോത് 0.8ആണ്. എന്നാല്‍ നിയമത്തെ കുറിച്ചുള്ള ജനങ്ങളുടെ ധാരണയായാണ്‌ കേസുകളുടെ എണ്ണത്തില്‍ കേരളത്തില്‍ വര്‍ധവ് ഉണ്ടാവാന്‍ കാരണമെന്ന് സംസ്ഥാനാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയില്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം.

എന്നാല്‍ സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടുന്ന മിക്കകേസുകളിലും 377ാം വകുപ്പ് വ്യാപകമായി പ്രയാഗിക്കപ്പെടാറുണ്ടെന്നാണ് എല്‍ജിബിടി വിഭാഗങ്ങളുടെ എന്‍ജിഒ ആയ മാര്‍വല്ലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

This post was last modified on September 7, 2018 11:35 am