ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിൻ മരിച്ചെന്ന സന്ദേശമാണ് ബന്ധുക്കൾക്ക് ലഭിച്ചതെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മുഹമ്മദ് മുഹ്സിൻ മരിച്ചെന്ന് വ്യക്തമാക്കി അഫ്ഗാനിസ്ഥാനിലുള്ള ഫോണ്‍ നമ്പറില്‍നിന്ന് വാട്സാപ്പ് സന്ദേശം ലഭിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുവാവ് ഈ മാസം 18 നടന്ന യുഎസ് ഡ്രോണ്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ‘താങ്കളുടെ സഹോദരൻ വീരമൃത്യു വരിച്ചു. ഇക്കാര്യം പൊലീസിൽ അറിയിക്കരുത്’ എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. 2017 ഒക്ടോബറിലാണ് മുഹ്സിന്‍ ഐഎസിൽ ചേർന്നതെന്നാണു വിവരം. സന്ദേശം ലഭിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചതായി പോലീസ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. സന്ദേശം ബന്ധുക്കൾ കൈമാറിയിട്ടുണ്ടെന്നും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
2017ൽ തൃശ്ശൂരിൽ എൻജീനീയറിങ്ങ് അവസാന വർഷ വിദ്യാർത്ഥിയായിരിക്കെ ബംഗളൂരുവിലേക്ക് പോവുന്നെന്ന് വ്യക്തമാക്കിയയിരുന്നു മുഹ്സിൻ വീട് വിട്ടത്. തുടർന്ന് ഇയാളെ കുറിച്ച് പിന്നീട് വിവരമില്ലാതായതോടെ കുടുംബം പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാൾ ദൂബയിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
പിന്നാലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മുഹ്സിൻ ഐഎസിന്റെ ഭാഗമായെന്ന കണ്ടെത്തുന്നതെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. കാസർഗോട്ടെ പടന്നയിൽ നിന്നും ഐഎസിൽ ചേർന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു മുർഷിദ് മുഹമ്മദിന്റെ ബന്ധുവാണ് മുഹ്സിൻ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മഹാപ്രളയത്തിന് ഒരു വയസ്സ്; നാം എന്തു പഠിച്ചു…? / ഡോക്യുമെന്ററി
This post was last modified on July 31, 2019 8:12 pm
Leave a Comment