X

സിപിഎമ്മില്‍ കാലാനുസൃതമായ മാറ്റമുണ്ടാകും, യുഡിഎഫ് മാത്രമല്ല കേരളത്തില്‍ ബിജെപിയും പ്രധാന എതിരാളി: കോടിയേരി

ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ കഴിയുംവിധമായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തകരുടെ പെരുമാറ്റം.

സിപിഎമ്മില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ യുഡിഎഫിനെ മാത്രമല്ല ബിജെപിയേയും പ്രധാന എതിരാളിയായി സിപിഎം കാണുന്നതായി കോടിയേരി പറഞ്ഞു. പാര്‍ട്ടിയുടെ കൂടെയുണ്ടായിരുന്നവരില്‍ പലരും വിട്ടുപോയി എന്നത് വസ്തുതയാണ് – കോടിയേരി പറഞ്ഞു. മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കോടിയേരി.

ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ കഴിയുംവിധമായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തകരുടെ പെരുമാറ്റം. എതിരഭിപ്രായങ്ങള്‍ പറയുന്നവരുടെ വിശ്വാസം നേടാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ നമ്മുടെ അഭിപ്രായങ്ങള്‍ അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനല്ല. ജനങ്ങളോട് വിനയാന്വിതരായി പെരുമാറണം. ബഹുജന പിന്തുണ നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യരുത്. സിപിഎമ്മിന്റെ ബഹുജന പിന്തുണയില്‍ കാര്യമായ കുറവുണ്ടായതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഒരു വിഭാഗം വിശ്വാസികളെ പാര്‍ട്ടിക്ക് എതിരാക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞു. ശബരിമല വിഷയത്തില്‍ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്.

പാര്‍ട്ടി ഒരു അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയുണ്ട്. നീതി നിഷേധിക്കുന്ന നില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകരുത്.
കേരളത്തില്‍ ഹിന്ദുത്വ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വൈരാഗ്യത്തോടെ പെരുമാറുകയാണ്.

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കും. നിലവിലെ പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നോക്കി നിലപാടെടുക്കും. കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കി കെട്ടിട നിര്‍മ്മാണത്തിന് ശ്രമിക്കണം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച് മാതൃക കാണിക്കണം.

This post was last modified on August 23, 2019 5:05 pm