X

കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക് വിവിധ വകുപ്പുകളിലായി ശിക്ഷ 60 വര്‍ഷം തടവ്‌

വിചാരണ വേളയിൽ കൂറുമാറിയ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിക്കും കോടതി നിർദേശം

പള്ളിമേടയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കൊട്ടിയൂർ പീഡന  കേസിൽ പള്ളി വികാരി ആയിരുന്ന ഫാ . റോബിൻ വടക്കുംചേരിക്ക് വിവിധ വകുപ്പുകളിലായി അറുപത് വര്‍ഷം തടവ് ശിക്ഷ. എന്നാല്‍ എല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം കൊണ്ട് ശിക്ഷ അവസാനിക്കും. മുന്നു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുകയിൽ 1.5 ലക്ഷം ഇരയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. പോക്സോ നിയമപ്രകാരമുള്ള കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (ഒന്ന്)യുടേതാണ് വിധി. റോബിൻ വടക്കും ചേരി കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടത്തിയിരുന്നു. ഇതിന് പിറകെയാണ് ശിക്ഷ വിധിച്ചത്. മുന്നു വകുപ്പുളിലായാണ്‌ 60 വർഷത്തെ തടവാണ് കോടതി വിധിച്ചത്. എന്നാൽ ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍.വിനോദ്  ശിക്ഷ ‌വിധിയിൽ വ്യക്തമാക്കി.  കൊട്ടിയൂര്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ്. ലോക്കല്‍ മാനേജറുമായിരുന്നു വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുഞ്ചേരി (റോബിന്‍ മാത്യു – 51). ബലാത്സംഗത്തിനും പോക്‌സോ വകുപ്പുപ്രകാരവുമാണ് വൈദികന്റെ പേരിലുള്ള കേസ്.

അതിനിടെ കന്യാസ്ത്രീകളും വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാദർ തോമസ് തേരകമുൾ‌പ്പെടെയുടള്ള മറ്റ് ആറ് പ്രതികളെ വെറുതെ വിട്ടു. മറ്റ് ആറ് പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വ്യക്തമാക്കിയായിരുന്ന നടപടി.

അതേസമയം, കേസിന്റെ വിചാരണ വേളയിൽ കൂറുമാറിയ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിക്കും കോടതി നിർദേശം നൽകി. ഇരയുടെ സംരക്ഷണം ലീഗൽ സർവീസ് അതോറിറ്റ് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

 

2017 ഫെബ്രുവരി 26നാണ് പേരാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിൽ 2016 ഡിസംബറിൽ പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് കേസിന്റെ തുടക്കം. ചൈൽഡ് ലൈൻ നൽകിയ വിവരമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 2017 ഫെബ്രുവരിയിൽ ഫാദർ റോബിൻ വടക്കുംചേരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 7 പ്രതികളുള്ള കേസിൽ‌ വിചാരണ 7 മാസമാണ് നീണ്ടുനിന്നത്. 38 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒടുവിൽ കേസ് റജിസ്റ്റർ ചെയ്ത് രണ്ടു വർഷം തികയുന്ന ഘട്ടത്തിലാണ് വിധി. 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

റോബിൻ വടക്കുംചേരിക്ക് പുറമെ ഫാദർ തോമസ് തേരകം ഇടവകാംഗമായ തങ്കമ്മ, മാനന്തവാടി ക്രിസ്തുദാസ് കോണ്വെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോണ്വെന്റിലെ സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരാണ് മറ്റ് പ്രതികൾ.

This post was last modified on February 16, 2019 7:03 pm