X

പ്രശസ്ത ചലച്ചിത്രകാരൻ മൃണാൾ സെൻ അന്തരിച്ചു

സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ സിനിമാ പ്രവർത്തകരുടെ സമകാലീനനാണ് മൃണാൾ സെൻ

പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ മൃണാൾ സെൻ(95) അന്തരിച്ചു. ഞായറാഴ്ചാ രാവിലെ 10-30 ഒാടെ കൊൽക്കത്തയിലെ  ഭവാനിപുരിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിൽസയിലായിരുന്നു അദ്ദേഹം.

1923 മെയ് 14 ബംഗ്ലാദേശിലെ ഫ്രിഡ്പുരിൽ ജനിച്ച അദ്ദേഹം പിന്നീട് കൊൽക്കത്ത കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ സിനിമാ പ്രവർത്തകരുടെ സമകാലീനനായ മൃണാൾ സെൻ ഇന്ത്യൻ നവ തരംഗ സിനിമകളുടെ തുടക്കക്കാരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് സഹയാത്രികൻ എന്ന നിലയില്‍ പ്രശസ്തനായ മൃണാൾ സെൻ മുൻ രാജ്യസഭംഗം കുടിയായിരുന്നു. 1998 മുതൽ 2003 വരെയായിരുന്നു  പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായി അദ്ദേഹം പ്രതിനിധീകരിച്ചത്. ഇന്ത്യൻ സമാന്തര സിനിമകളുടെ അംബാസിഡർ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ അദ്ദേഹം പത്മ വിഭൂഷൺ, ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരങ്ങള്‍ക്കും അർഹനായിട്ടുണ്ട്.

ഭുവൻ ഷോം, മൃഗയ, അഖ്ലേർ സന്ധേൻ, കൽക്കത്ത 71 എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ.  1955ൽ പുറത്തിറങ്ങിയ രാത്ത് ബോറെ എന്ന ആദ്യ ഫീച്ചർ സിനിമ സംവിധാനം ചെയ്തതും സെൻ ആയിരുന്നു. നീൽ ആകാഷെർ നീചെ . പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടിയിരുന്നു. ദേശീയ – അന്തർദേശീയ തലത്തിൽ അവാർഡുകൾ നേടുകയും ഇന്ത്യൻ സിനിമാചരിത്രത്തിൽ നാഴികകല്ലായി മാറുകയും ചെയ്തു സിനിമയാണ് ബുവൻഷോം.

പതിറ്റാണ്ടുകൾ നീണ്ട തന്റെ സിനിമാ ജീവിതക്കിൽ 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യുമെന്ററികൾ തുടങ്ങിയവ മൃണാൾ സെൻ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ അവാർഡുകള്‍ ഉൾ‌പ്പെടെ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം കാൻ, വെനീസ്, ബർലിൻ, മോസ്കോ, കയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. െഎഎഫ്എഫ് കെയുടെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരവും മൃണാൾ സെന്നിനായിരുന്നു.
പത്രപ്രവർത്തകനായും മെഡിക്കൽ റെപ്രസന്റേറ്റീവായും കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായും ജോലി ചെയ്തിട്ടുള്ള അദ്ദേഹം  ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.  കൊൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളജിൽ നിന്നും ഫിസിക്സ് ബിരുദം നേടിയിട്ടുള്ള അദ്ദേഹം യുനിവേഴ്സിറ്റി ഒാഫ് കൽക്കത്തയിൽ നിന്നും ബിരുദാനന്ദര ബിരുദവും സ്വന്തമാക്കിയ ശേഷമാണ്  സിനിമാ രംഗത്തേക്കെത്തുന്നത്. ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ എ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

This post was last modified on December 30, 2018 7:14 pm