X

ശീതള്‍ ശ്യാമിന് താമസം നിഷേധിച്ച സംഭവം; വ്യാപക പ്രതിഷേധം, ലോഡ്ജ് ഉടമയെ കസ്റ്റഡിലെടുത്ത് വിട്ടയച്ചു

സംഭവത്തില്‍ സാമൂഹിക നീതി വകുപ്പ് റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമിന് ലോഡ്ജില്‍ മുറി അനുവദിക്കാതെ അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിന് പിറകെ ലോഡ്ജ് ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ നടപടി. വടകര റെയില്‍വേ സ്റ്റേഷന് സമീപത്തെ അല്‍ സഫ ലോഡ്ജ് ഉടമ ഭാസ്‌കരന്‍ ലോഡ്ജ് ജീവനക്കാര്‍ എന്നിവരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകളുടെ സംഘടനയുമായി കൂടിയാലോചിച്ച് ശേഷം പരാതി ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്ന് ശീതള്‍ ശ്യാം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും വടകര പോലീസ് പറയുന്നു. അതേസമയം സംഭവത്തില്‍ സാമൂഹിക നീതി വകുപ്പ് റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം. മൊകേരി സര്‍ക്കാര്‍ കോളജിലെ യൂണിയന്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശീതള്‍. സംഘാടകര്‍ ഇവര്‍ക്കായി ഇവിടെ മുറിയും ബുക്ക്് ചെയ്തിരുന്നു. ഇതുപ്രകാരം ലോഡ്ജിലെത്തിയ ശീതള്‍ ശ്യാമിനെ നിങ്ങളെപ്പോലുള്ളവര്‍ക്ക് മുറി നല്‍കാനാവില്ലെന്ന് പറഞ്ഞ് തടഞ്ഞെന്നായിരുന്നു ആരോപണം. ഇവരെയും കൂടെ ഉണ്ടായിരുന്ന കോളജ് യൂനിയന്‍ ഭാരവാഹികളെയും ജീവക്കാരും ഉടമയും ചേര്‍ന്ന് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും അവര്‍ പറയുന്നു.  പൊലീസ് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് ലോഡ്ജ് ഉടമ തനിക്ക് മുറി നിഷേധിച്ചതെന്ന് ശീതളിന്റെ ആരോപണം. സംഭവം വിവാദമായതോടെ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിന് പിറകെയായിരുന്നു സംഭവത്തിലെ കെ കെ ശൈലജയുടെ ഇടപെടല്‍. ശീതള്‍ ശ്യാം പരാതി നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതോടെയാണ് പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് തിരിഞ്ഞത്. ‘സമൂഹത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിട്ടുള്ളൊരാള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. കുറ്റകരമായ നടപടിയാണിത്. ലിംഗപരമായ വിവേചനം കാണിക്കരുതെന്ന് ഭരണഘടനാപരമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇതിന് അറുതി വരുത്താനാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് സെല്ല് രൂപീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, സുപ്രീംകോടതിയുള്‍പ്പെടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടും പുരോഗമനപരമായ കാലത്ത് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും ശീതള്‍ പ്രതികരിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ശീതള്‍ ശ്യാം കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിയിരുന്നു. ഒപ്പം കല്‍പറ്റ നാരായണന്‍ മാസ്റ്റര്‍, മൊകേരി ഗവണ്മെന്റ് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു. സര്‍ക്കാര്‍ ബോര്‍ഡ് അംഗമാണെന്നും ഒരു കോളേജ് പ്രോഗ്രാമിന് വന്നതാണെന്നും പറഞ്ഞിട്ടും തന്നെ അപമാനിച്ചെന്നും ശീതള്‍ പറയുന്നു.

This post was last modified on October 2, 2018 12:39 pm