X

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കും; ശ്രീലങ്കൻ അഭയാർഥികൾക്ക് പൗരത്വം: ഡിഎംകെ പ്രകടന പത്രിക

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാർട്ടികളുമായി മുന്നണി ഉണ്ടാക്കിയാണ് ഇത്തവണ ഡിഎംകെ തമിഴ്നാട്ടിൽ മൽസരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തമിഴ്നാട്ടിൽ ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. വിവാദമായേക്കാവുന്ന നിരവധി വാഗ്ദാനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഡിഎംകെ പ്രകടന പത്രിക. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിതരാക്കുമെന്നാണ് ഇതിൽ പ്രധാനം. തമിഴ്നാട്ടിൽ ജയിലിൽ കഴിയുന്ന 7 പ്രതികളുടെ മോചിപ്പിക്കുന്നതിനായി കേന്ദ്രസർക്കാറിനോടും രാഷ്ട്രപതിയോടും സമ്മർദം ചെലുത്തുമെന്നും പ്രകടന പത്രിക ചൂണ്ടിക്കാട്ടുന്നു.

ഇതിന് പിറമെ, ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് അഭയാർത്ഥിൾക്ക് ഇന്ത്യൻ പൗരത്വം ലഭ്യമാക്കുമെന്നം പത്രിക പറയുന്നു. തമിഴ്നാട്ടിലെ കാർഷിക വിദ്യാഭ്യാസ രംഗത്ത് ചലനമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളും ഡിഎംകെ വാഗ്ദാനം ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ നദീകൾ സംയോജിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നതാണ് ഇതിൽ പ്രധാനം. കൂടാതെ നെയ്ത്തുകാർക്ക് വായ്പ ലഭ്യമാക്കുമെന്നും പത്രിക പറയുന്നു. അതേസമയം, നീറ്റ് പരീക്ഷ ഇല്ലാതാക്കുമെന്നാണ് വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രധാന വാഗ്ദാനം.  ഇതിന് പുറമെ പുതുച്ചേരിക്ക് സമ്പൂർണ സംസ്ഥാന പദവിയും പ്രകടന പത്രിക വാഗ്ദാനം നൽകുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാർട്ടികളുമായി മുന്നണി ഉണ്ടാക്കിയാണ് ഇത്തവണ ഡിഎംകെ തമിഴ്നാട്ടിൽ മൽസരിക്കുന്നത്. കന്യാകുമാരി അടക്കമുള്ള പത്ത് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജനവിധി തേടുക. ശ്രീപെരുംപുത്തൂര്‍, കാഞ്ചീപുരം, തെങ്കാശി, നീലഗിരി, തഞ്ചാവൂര്‍, സേലം, ധര്‍മപുരി, പൊള്ളാച്ചി തുടങ്ങിയവയാണ് ഡിഎംകെ മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങള്‍. നാഗപട്ടണവും തിരുപ്പൂരുമാണ് സിപിഐക്ക്. പുതുച്ചേരിക്ക് പുറമെ ശിവഗംഗ, കന്യാകുമാരി, കൃഷ്ണഗിരി, ആറണി, വിരുതുനഗര്‍ തുടങ്ങിയവയാണ് കോണ്‍ഗ്രസ് മത്സരിക്കുന്ന പ്രധാന സീറ്റുകള്‍. ചിദംബരം, വില്ലുപുരം മണ്ഡലങ്ങളില്‍ വിസികെയും രാമനാഥപുരത്ത് മുസ്ലിം ലീഗും മത്സരിക്കും. ഇറോഡില്‍ എംഡിഎംകെ, നാമക്കലില്‍ കെഡിഎംകെ, പെരമ്പല്ലൂരില്‍ ഇന്ത്യ ജനനായക കക്ഷിയും മത്സരിക്കും.

 

This post was last modified on March 19, 2019 1:26 pm