X

ലോറി സമരത്തിനിടെ സംഘര്‍ഷം: കല്ലേറില്‍ ക്ലീനര്‍ മരിച്ചു; മൂന്നു പേര്‍ കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പാലക്കാട്  കസബ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോറി സമരത്തെ തുടര്‍ന്ന് പാലക്കാട് കഞ്ചിക്കോട്ടുണ്ടായ ചരക്കുമായി സര്‍വീസ് നടത്തിയലോറിക്ക് നേരെയുണ്ടായ കല്ലേറിനെത്തുടര്‍ന്ന് ക്ലീനര്‍ മരിച്ചു. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. കല്ലേറില്‍ ലോറിഡ്രൈവര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മുബാറകിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
കോയമ്പത്തുര്‍ മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറിക്കു നേരെ പുലര്‍ച്ചെ മൂന്നിനായിരുന്നു ആക്രമണം ഉണ്ടായത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പാലക്കാട്  കസബ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് മുതല്‍ പച്ചക്കറി ലോറികളും തടയുമെന്ന് നേരത്തെ സമരക്കാര്‍ അറിയിച്ചിരുന്നു. ലോറി തടയാന്‍ ശ്രമിക്കുന്നതിനിടെ സമരക്കാരും ലോറി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കല്ലേറില്‍ കലാശിക്കുകയുമായിരുന്നു.

തമിഴ്നാട്ടില്‍ നിന്നുവരുന്ന ചരക്കുലോറികള്‍ രണ്ടുദിവസമായി വാളയാറില്‍ തടയുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറി തടയാന്‍ ശ്രമിച്ചപ്പോള്‍ ലോറി നിര്‍ത്താതെ പോയതിനെത്തുടര്‍ന്നാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ലോറിയുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഡീസല്‍ വില, ഇന്‍ഷുറന്‍സ് പ്രീമിയം, ടോള്‍ നിരക്ക് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോറി ഉടമകളും തൊഴിലാളികളും സമരം പ്രഖ്യാപിച്ചത്.