X

പ്രതിചേർത്തത് രാഷ്ട്രീയ വിരോധം തീർക്കാൻ; ഷുക്കൂർ കേസില്‍ സിബിഐക്ക് നേതാക്കളുടെ രോമത്തില്‍ തൊടാന്‍ പോലും തെളിവില്ല: എം സ്വരാജ്

കേസുമായി ബന്ധപ്പെട്ട് സിബിഐ എത്രവേട്ട നടത്തിയാലും ഷുക്കൂർ കേസിലെ രണ്ട് നേതാക്കളും നിരപരാധികളാണെന്ന് തനിക്ക് പൂര്‍ണ്ണബോധ്യമുണ്ട്.

അരിയില്‍ ഷുക്കൂർ വധക്കേസിൽ പ്രതിചേര്‍‌ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ലെന്ന് എം സ്വരാജ് എംഎല്‍എ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ കേരളാ പൊലീസ് പ്രതി ചേര്‍ത്തത്. 118 ആക്ട് പ്രകാരം പ്രതി ചേര്‍ക്കപ്പെട്ടവരാണ് ഷുക്കൂര്‍ വധകേസിലെ പ്രതികള്‍. സിപിഎം വിരോധം ഉള്ളത് കൊണ്ട് മാത്രമാണ് പി ജയരാജനെ പ്രതിചേര്‍ത്തതെന്നും അദ്ദേഹം പറയുന്നു. കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമോ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവർ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിബിഐ അന്വേഷണം കേരളത്തിൽ ഒരു കേസുപോലും അടുത്ത കാലത്ത് തെളിയിക്കപ്പെട്ടിട്ടില്ല. കേരള പോലീസ് കണ്ടെത്തിയ കാര്യങ്ങൾ അംഗീകരിക്കുയോ, അല്ലെങ്കിൽ രാഷ്ട്രീയ വിരോധം തീർക്കാൻ നടപടികൾ സ്വീകരിച്ച് കോടതിയിൽ പരാജയപ്പെടുയോ ആണ് ഉണ്ടായിട്ടുള്ളു എന്നും അദ്ദേഹം ചെയ്യുന്നു. സിബിഐ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുക മാത്രമാണ് ചെയ്യാറുള്ളു എന്നും എം സ്വരാജ് ആരോപിക്കുന്നു.

ഷുക്കൂർ കേസിൽ പൊലീസ് കൊടുത്ത കുറ്റപത്രം കോടതി മടക്കിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സിബിഐ എത്രവേട്ട നടത്തിയാലും രണ്ട് നേതാക്കളും നിരപരാധികളാണെന്ന് തനിക്ക് പൂര്‍ണ്ണബോധ്യമുണ്ട്. ഷൂക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍‌ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ലെന്നുമായിരുന്നു എം സ്വരാജ് എംഎല്‍എയുടെ പ്രതികരണം.

അതേസമയം, പൊലീസിന്‍റെ ജാഗ്രത കുറവാണ് കാസര്‍കോട് ഇരട്ടക്കൊലക്ക് കാരണമെന്ന് എം എന്‍ കാരശ്ശേരി ആരോപിച്ചു.
ഇരയുടെ ആളുകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആ ആവശ്യത്തെ അംഗീകരിക്കുകയാണ് ഇക്കാരണങ്ങളാൽ വേണ്ടത്. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് കുടുംബവും സുഹൃത്തുക്കളും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമ്പോള്‍ സിപിഎമ്മും സര്‍ക്കാറും സിബിഐ അന്വേഷണം വേണ്ടെന്ന് പറയുന്നതിന്റെ പിന്നിൽ. സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അരിയില്‍ ഷൂക്കൂര്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പി ജയരാജന്‍ പങ്കാളിയായിരുന്നെന്ന് വാര്‍ത്തകളില്‍ നിന്നറിയാന്‍ കഴിയുന്നെന്ന് എം എന്‍ കാരശ്ശേരി ചർച്ചയിൽ ആരോപിച്ചിരുന്നു. ഇതിന് പിറകെയായിരുന്നു സ്വരാജിന്റെ പ്രതികരണം.

This post was last modified on February 25, 2019 8:38 am