X

മലപ്പുറത്ത് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി, നാടുകാണി ചുരത്തില്‍ കുടുങ്ങിയവരെ ഇന്ന് രക്ഷിക്കാനാകില്ല

സമീപകാലത്തുണ്ടാകാത്ത തരത്തിലുള്ള മണ്ണിടിച്ചിലാണ് നാടുകാണി ചുരത്തിലുണ്ടായിരിക്കുന്നത്.

മലപ്പുറത്ത് നാടുകാണി ചുരത്തില്‍ കുടുങ്ങിയവരെ ഇന്ന് രക്ഷിക്കാനാകില്ല. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ഡിഎഫ്ഒ അറിയിച്ചു. കാലാവസ്ഥ മോശമായതിനാല്‍ രാത്രി തിരച്ചില്‍ സാധ്യമല്ല. രാവിലെ ആറ് മണിയോടെ എന്‍ഡിആര്‍എഫ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും. സമീപകാലത്തുണ്ടാകാത്ത തരത്തിലുള്ള മണ്ണിടിച്ചിലാണ് നാടുകാണി ചുരത്തിലുണ്ടായിരിക്കുന്നത്. അതേസമയം തിരൂരില്‍ തെങ്ങ് മറിഞ്ഞുവീണ് പ്രദീപ് എന്നയാള്‍ മരിച്ചു.

ചാലിയാര്‍ കരകവിഞ്ഞൊഴുകി നിലമ്പൂർ ടൗണിൽ വെള്ളമുയരുന്നു. 50 ഓളം കടകൾ വെള്ളത്തിൽ മുങ്ങി. നിലമ്പൂർ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ടൗണില്‍ രണ്ട് മീറ്ററിലധികം വെള്ളമുയർന്നു. കരുളായിയിൽ ഉരുൾപൊട്ടി. നിലമ്പൂരിൽ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ നാളെയും റെഡ് അലർട്ട് തുടരും.

മത്സ്യ തൊഴിലാളികളുടെ ആറ് ബോട്ടുകൾ താനൂരില്‍ നിന്ന് നിലമ്പൂരിലേക്ക് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) സംഘം രണ്ടായി തിരിഞ്ഞ് വാണിയമ്പുഴ ഭാഗത്തും നാടുകാണി ചുരത്തിലേക്കും പോയി. നാടുകാണി ചുരത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞ് അപകടനിലയുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിലും ഈ മേഖലകളില്‍ വലിയ നാശനഷ്ടമുണ്ടായിരുന്നു.

This post was last modified on August 14, 2019 2:05 pm