X

മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവർണർ

15 വര്‍ഷമായി സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു

മുൻ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാൻ അടുത്ത കേരള ഗവർണറാകും. നിലവിലെ ഗവർണർ ജ. പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉത്തർ പ്രദേശ് സ്വദേശിയായ അരിഫ് ഖാന്റെ നിയമനം. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്കാണ് പുതിയ ഗവർണമാരെ നിയമിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ ഉത്തരവിറക്കി.

രാജസ്ഥാന്‍ ഗവർണറായി നിലവിൽ ഹിമാചൽ പ്രദേശ് ഗവർണറായ കൽരാജ് മിശ്രയെ നിയമിച്ചു. ഭഗത് സിങ് കൊഷ്യാരി മഹാരാഷ്ട്രയിലും, ഭണ്ഢാരു ദത്താത്രേയ ഹിമാചൽ പ്രദേശിലും തമിഴ്നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനെ തെലങ്കാന ഗവർണറായും നിയോഗിച്ചിട്ടുണ്ട്.

കോൺഗ്രസിൽ രാഷ്ട്രീയ ജീവിതം തുടങ്ങി ജനതാ ദളിന്റെ ഭാഗമായ ആരിഫ് ആരിഫ് മുഹമ്മദ് ഖാൻ 2004ലാണ് ബിജെപിയുടെ ഭാഗമായത്. 2004-ല്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി ആരിഫ് മുഹമ്മദ് ഖാന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട്, 15 വര്‍ഷമായി സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയോടു കലഹിച്ചാണ് 1986-ൽ ആരിഫ് കോൺഗ്രസ് വിടുന്നത്. പിന്നീട് ജനതാദൾ, ബി.എസ്.പി. പാർട്ടികളിലും പ്രവർത്തിച്ചു. മുത്തലാഖിനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കഴിഞ്ഞമാസം നടന്ന പാര്‍ലമെന്റ് സമ്മേളനകാലത്ത് ബി.ജെ.പി.യുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്രമോദിയും അമിത് ഷായും ഉപയോഗിച്ചിരുന്നു.

 

 

This post was last modified on September 1, 2019 12:11 pm