X

‘ഇപ്പോൾ സ്വന്തം നാട്ടിലെത്തിയ പ്രതീതി’; കേരളത്തിൽ ജനിച്ച സ്വിസ് പാർലമെന്റ് അംഗം നിക്ലസ് സാമുവൽ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

മാലിന്യ പുനരുപയോഗവുമായി ബന്ധപ്പെട്ട് കേരളവുമായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ മുന്‍കൈയെടുക്കുമെന്ന് നിക്ലസ്

മലയാളി ബന്ധമുള്ള സ്വിറ്റസര്‍ലന്റ് പാര്‍ലമെന്റ് അംഗം നിക്‌ളസ് സാമുവല്‍ ഗുഗര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കുടുംബസമേതം ക്ലിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. മാലിന്യ പുനരുപയോഗവുമായി ബന്ധപ്പെട്ട് കേരളവുമായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ മുന്‍കൈയെടുക്കുമെന്ന് നിക്ലസ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സ്വന്തം നാട്ടിലെത്തിയ പ്രതീതിയാണ് ഇവിടെ എത്തിയപ്പോള്‍ ഉണ്ടായതെന്ന് നിക്‌ളസ് പറഞ്ഞു.

25 വര്‍ഷം മുമ്പ് താനും ഭാര്യയും തിരുവനന്തപുരത്ത് വന്നപ്പോള്‍ വര്‍ക്കല വരെ ഓട്ടോറിക്ഷയില്‍ പോയ കാര്യം അദ്ദേഹം അനുസ്മരിച്ചു. തലശ്ശേരി എന്‍.ടി.ടി.എഫ് പ്രിന്‍സിപ്പലായിരുന്നു നിക്ലസിന്റെ പിതാവ്. തന്നെ ദത്തെടുത്ത ശേഷം നാലു വര്‍ഷം തലശ്ശേരി ഇല്ലിക്കലില്‍ താമസിച്ചു. മലബാര്‍ മത്സ്യക്കറിയും ബിരിയാണിയും താനും കുടുംബവും ഏറെ ഇഷ്ടപ്പെടുന്നതായും നിക്‌ളസ് പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവരും സന്നിഹിതരായിരുന്നു.

സ്വിറ്റ്‌സര്‍ലന്റ് സന്ദര്‍ശനവേളയില്‍ നിക്‌ളസ് സാമുവല്‍ ഗുഗറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ ക്ഷണപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ബുധനാഴ്ച കേരളത്തിലെത്തിയ നിക്‌ളസും കുടുംബവും ആഗസ്ത് 4-ന് മടങ്ങും. സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും മടക്കം.

ഉപേക്ഷിക്കപ്പട്ട ചോരക്കുഞ്ഞ് ഇന്നൊരു എംപി; മകൾക്കിട്ടത് ആ അമ്മയുടെ പേര്

 

This post was last modified on July 25, 2019 7:59 pm