X

നിപ വൈറസ്: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികള്‍ ചികില്‍സ നിഷേധിക്കരുത്

നിപ വൈറസ് മൂലം കോഴിക്കോട് മുന്നുപേര്‍ മരിച്ച സംഭവത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം സര്‍ക്കാര്‍ ഗൗരവകരമായി കൈകാര്യം ചെയ്തു വരികയാണെന്നും രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ മന്ത്രിയും തൊഴില്‍ മന്ത്രിയും ജില്ലയില്‍ ക്യാംപ് ചെയ്ത് പ്രതിപ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. സംശയകരമായ മരണം ശ്രദ്ധയില്‍പെട്ട 19 ന് തന്നെ വിഷയം കേന്ദ്രആരോഗ്യമന്ത്രാലയം ലോകാരോഗ്യസംഘടന എന്നിവരുമായി പങ്കുവച്ചിരുന്നതായും അദ്ദേഹം പറയുന്നു.
സംസ്ഥാനത്തെത്തിയ കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ദ മെഡിക്കല്‍ സംഘവുമായി യോജിച്ച പ്രവത്തനത്തനിലുടെ വൈറസ് നിവാരണത്തിന് ശ്രമം നടത്തും. പനിബാധിച്ച് സ്വകാര്യ ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കോഴിക്കോട്ടാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെങ്കിലും സംസ്ഥാനമാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതായും ഇപ്പോഴത്തെ സാഹചര്യം വിലയിരുത്താന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.