X

തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം ആരുമായും സഖ്യത്തിനില്ല: സീതാറാം യെച്ചൂരി

കോണ്‍ഗ്രസുമായി സീറ്റുധാരണയുണ്ടെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി.

പൊതുമിനിമം പരിപാടി തയ്യാറാക്കാനുളള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സിപിഎം പങ്കെടുക്കില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി സര്‍ക്കാരിനെ പുറത്താക്കുക എന്നതാണ് പാർട്ടിയുടെ പ്രഥമപരിഗണന. എന്നാൽ‌ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതലത്തില്‍ ആരുമായും സഖ്യത്തിനില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ആര്‍ക്ക് പിന്തുണ നല്‍കണം, ആരുമായി സഖ്യം വേണം എന്നതുൾപ്പെടെയുളള കാര്യങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസുമായി സീറ്റുധാരണയുണ്ടെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി.

തെരഞ്ഞെടുപ്പിനു മുമ്പുള്ള പൊതുമിനിമം പരിപാടിയോട് യോജിപ്പില്ലെന്ന് യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിവോട് പറഞ്ഞു.

ബംഗാളിലെ സഖ്യം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല, എന്നാൽ തീരുമാനം ബംഗാള്‍ ഘടകത്തിന്റേതാണ്. ബംഗാള്‍ സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കാസർക്കോട് അക്രമത്തെ തള്ളിപ്പറയാനും യെച്ചൂരി തയ്യാറായി. അക്രമം സിപിഎമ്മിന്റെ നയമല്ലെന്നായിരുന്നു യെച്ചൂരിയുടെ പരാമർശം. ഇത് പാർട്ടി ഒരു തരത്തിലും അംഗീകരിക്കില്ല. അക്രമത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. അക്രമത്തില്‍ പങ്കെടുത്തവര്‍ ആരായാലും കടുത്ത നടപടി സ്വീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

READ ALSO: കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

 

 

 

This post was last modified on February 25, 2019 6:37 pm