X

ഓണനാളുകളിൽ എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ വിശുദ്ധി’, അബ്ക്കാരി കേസുകളില്‍ അറസ്റ്റിലായത് 1390 പേര്‍

836 കഞ്ചാവ് - മയക്കുമരുന്ന് കേസുകളിൽ 868 പേരെയും അറസ്റ്റ് ചെയ്തു.

ഓണദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടത്തിയ ഓപ്പറേഷന്റെ ഭാഗമായി കണ്ടെത്തിയത് വ്യാപക നിയമ ലംഘനങ്ങളെന്ന്  റിപ്പോർട്ട്. ‘ഓപ്പറേഷന്‍ വിശുദ്ധി’ എന്ന പേരിൽ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി പരിശോധയിലാണ് വ്യാപക അറസ്റ്റും കേസുകളും രജിസ്റ്റർ ചെയ്തത്.

പരിശോധനയുടെ ഭാഗമായി അബ്കാരി കേസുകളില്‍ മാത്രം 1390 പേര്‍ അറസ്റ്റിലായി. 1687 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 836 കഞ്ചാവ് – മയക്കുമരുന്ന് കേസുകളിൽ 868 പേരെയും അറസ്റ്റ് ചെയ്തു. 8418 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഓണാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു ഓപ്പറേഷന്‍ വിശുദ്ധി എന്ന പേരിൽ എക്‌സൈസിന്റെ പ്രത്യേക നീക്കം.

കേസുകളിലായി ആകെ 577.9 ലിറ്റര്‍ ചാരായം, 28301 ലിറ്റര്‍ കോട, 3528.695 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 1578.3 ലിറ്റര്‍ കള്ള്, 1054.448 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 250.327 കിലോഗ്രാം കഞ്ചാവ്, 139 കഞ്ചാവ് ചെടികള്‍, 8.821 ഗ്രാം ഹാഷിഷ് ഓയില്‍, 10 ഗ്രാം ബ്രൌണ്‍ഷുഗര്‍, 4.208 ഗ്രാം എം.ഡി.എം.എ., 230 മില്ലിഗ്രാം എല്‍.എസ്.ഡി., 279 മില്ലിഗ്രാം കൊക്കൈന്‍, 1263 മയക്കുമരുന്ന് ഗുളികകള്‍, 11835.5 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍, 178 വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

 

This post was last modified on September 19, 2019 7:04 am