X

പാലാരിവട്ടം പാലം അഴിമതി; മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യും? ശക്തമായ തെളിവുണ്ടെന്ന് വിജിലൻസ്, നിർണായകമായി ടി ഒ സൂരജിന്റെ മൊഴി

പാലം ക്രമക്കേടുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയെന്ന സൂചനയും വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രിക്കെതിരായ നീക്കം. മൊഴിയുടെ അടിസ്ഥാനത്തിൽ വി കെ ഇബ്രാഹിം കുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പറയുന്നു.

പാലം ക്രമക്കേടുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് പണമിടപാട് നടത്തിയെന്ന സൂചനയും വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പാലം പണിയുടെ കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ കരാറുകാരന് മുൻകൂർ നൽകാനും അന്ന് മന്ത്രിയായിരിക്കെ വി കെ ഇബ്രാഹിം കുഞ്ഞ് ഉത്തരവിട്ടെന്നായിരുന്നു ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യം ഫയലിൽ എഴുതിയെന്നും ഇതിന് രേഖാമൂലം തെളിവുണ്ടെന്നും ടി ഒ സൂരജ് പറഞ്ഞു. ജാമ്യാപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ഹർജിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിനെതിരെയും ടി ഒ സൂരജ് ഇന്ന് ആരോപണം ഉയർത്തിയിരുന്നു. തുക അനുവദിക്കാൻ ശുപാർശ ചെയ്തതത് മുഹമ്മദ് ഹനീഷായിരുന്നെന്നായിരുന്നെന്നും സൂരജ് പ്രതികരിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ മുന്‍ മന്ത്രിയുടെ അറസ്റ്റിലേക്ക് വിജിലന്‍സ് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, പാലാരിവട്ടം കേസിൽ റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെ ജുഡീഷ്യൽ റിമാൻഡ് കാലാവധി വിജിലൻസ് കോടതി അടുത്തമാസം മൂന്ന് വരെ നീട്ടി. എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

 

 

This post was last modified on September 19, 2019 6:22 pm